ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മാഗ്ന റോഡ് കട്ടർ യന്ത്രം സ്ഥാപിച്ചു.
തുരങ്കത്തിൽ കുടുങ്ങിയ തകരാറിലായ ഓഗർ മെഷീൻ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നാലെയാണ് രക്ഷാദൗത്യങ്ങളുടെ വേഗത കൂട്ടാനായി പുതിയ വഴികൾ തേടുന്നത്. ഇന്ന് രാവിലെയാണ് ഓഗർ മെഷീൻ പുറത്തെത്തിക്കാനായി പ്ലാസ്മ കട്ടർ യന്ത്രം അപകട സ്ഥലത്തേക്ക് എത്തിച്ചത്. മാഗ്ന റോഡ് കട്ടർ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ഓഗർ മെഷീൻ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയർപോർട്ടിലേക്ക് ചാർട്ടർ വിമാനത്തിൽ യന്ത്രം എത്തിച്ചത്. ഓഗർ മെഷീൻ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രക്ഷാപ്രവർത്തനത്തിന് കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല.
12 മീറ്ററോളം ഭാഗമാണ് ഇനി തുരക്കാൻ അവശേഷിക്കുന്നത്. യന്ത്രസഹായമില്ലാതെ ഇത്രയും ഭാഗം നേരിട്ട് തുരക്കുന്നത് ഏറെ അപകടം നിറഞ്ഞതാണെന്നും വിചാരിക്കുന്നതിലുമേറെ സമയമെടുക്കുമെന്നും ദുരന്തനിവാരണ സേന പറയുന്നു. കമ്പിയും കോൺക്രീറ്റ് സ്ലാബുകളും ഉൾപ്പെടെ അവശിഷ്ടങ്ങൾ തുരങ്കത്തിൽ നിറഞ്ഞുകിടക്കുകയാണ്.
Discussion about this post