ടെൽ അവീവ്: യെമൻ തീരത്തിന് സമീപം ഏദെൻ കടലിടുക്കിൽ ഇസ്രായേൽ ബന്ധത്തിന്റെ പേരിൽ വീണ്ടും ചരക്കുകപ്പൽ തട്ടിയെടുക്കാനുളള ശ്രമം യുഎസ്, ബ്രിട്ടീഷ് നാവികസേനകൾ പരാജയപ്പെടുത്തി. കപ്പലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായും ജീവനക്കാർ സുരക്ഷിതരാണെന്നും പെന്റഗൺ അറിയിച്ചു.
ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യക്കാരായ 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് കപ്പൽ കമ്പനിയായ സോഡിയാക് മാരിടൈം വെളിപ്പെടുത്തി. ഫോസ്‌ഫെറിക് ആസിഡുമായി വന്ന കപ്പലിന് നേരെ ആയിരുന്നു ആക്രമണം. കപ്പലിന്റെ നിയന്ത്രണം തട്ടിയെടുക്കാൻ ശ്രമിച്ചവരെ യുഎസ് നാവികസേനയുടെ യുഎസ്എസ് മാസൺ കപ്പലിന്റെ സഹായത്തോടെയാണ് തുരത്തിയോടിച്ചത്. ഹൂതി വിമതർ തന്നെയാണോ നീക്കത്തിന്റെ പിന്നിൽ എന്ന് വ്യക്തമായിട്ടില്ല.
റഷ്യ, വിയറ്റ്‌നാം, ബൾഗേറിയ, ജോർജ്ജിയ, ഫിലിപ്പിനോ പൗരൻമാരാണ് ഇന്ത്യക്കാരെക്കൂടാതെ കപ്പലിൽ ഉണ്ടായിരുന്നത്. വെളളിയാഴ്ച ഇന്ത്യൻ സമുദ്രത്തിൽ ഇസ്രായേൽ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുളള കപ്പലിന് നേരെ ഡ്രോൺ ആക്രമണവും നടന്നിരുന്നു. ഇറാനാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
നവംബർ 19 ന് ഗാലക്‌സി ലീഡർ എന്ന മറ്റൊരു കപ്പലും സമാനമായ രീതിയിൽ ചെങ്കടലിൽ ഹൂതി വിമതർ തട്ടിയെടുത്തിരുന്നു. ഹമാസ് ഭീകരർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായിട്ടാണ് ഈ കപ്പൽ തട്ടിയെടുത്തത്.









