ലക്‌നൗ : ബുർഖ ധരിച്ച് ഫാഷൻ ഷോയിൽ പങ്കെടുത്ത വിദ്യാർത്ഥിനികളുടെ വീഡിയോ വൈറലാകുന്നു. ഉത്തർ പ്രദേശിലാണ് സംഭവം. വിവിധ ഇനങ്ങളിലുള്ള ബുർഖകൾ ധരിച്ചാണ് പെൺകുട്ടികൾ റാംപ് വാക്ക് നടത്തിയത്. എന്നാൽ വീഡിയോ ശ്രദ്ധ നേടിയതോടെ വിമർശനവുമായി ജംഇയ്യത്തുൽ ഉലമ നേതാക്കൾ രംഗത്തെത്തി.

ബുർഖ വീട്ടിൽ മാത്ര ധരിക്കാനുള്ള വസ്ത്രമല്ലെന്നും അതിനെ വിവിധ തരത്തിൽ പ്രദർശിപ്പിക്കാൻ സാധിക്കുമെന്നും കാണിക്കാൻ വേണ്ടിയാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത് എന്ന് പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥിനി വിശദീകരിച്ചു. ”ചെറിയ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. അതിനാൽ മുസ്ലീം സമുദായത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണ് ഇങ്ങനെ വ്യത്യസ്തമായി ഒരു ഫാഷൻ ഷോ നടത്തിയത്. മുസ്ലീം സ്ത്രീകളുടെ ഉന്നമനമാണ് ഞങ്ങളുടെ ലക്ഷ്യം” വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു. അദ്ധ്യാപകരും ഇതിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു.
എന്നാൽ ബുർഖ ധരിച്ച് റാംപ് വാക്ക് നടത്തിയതിലൂടെ മുസ്ലീങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്താനാണ് ശ്രമിച്ചത് എന്ന് ജംഇയ്യത്തുൽ ഉലമയുടെ ജില്ലാ കൺവീനർ മൗലാന മുഖറം ഖാസ്മി പറഞ്ഞു. ഫാഷൻ ഷോയിലൂടെ മുസ്ലീം മതത്തെ ലക്ഷ്യം വെച്ച് ആക്രമിക്കാനാണ് ശ്രമിച്ചത്. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും ഖാസ്മി വ്യക്തമാക്കി.








