കൊല്ലം: ഒയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും വിട്ടയയ്ക്കും. കുട്ടിയെ തട്ടിക്കൊണ്ട് പോയ കാറിനെ പിന്തുടർന്നുളള അന്വേഷണത്തിലാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അതേസമയം, ശ്രീവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിലേതല്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിംഗ് സെന്ററിൽ ഇന്നു രാവിലെ പരിശോധന നടത്തിയിരുന്നു. സ്ഥാപനം ഉടമ പ്രതീഷ് ഉൾപ്പെടെ മൂന്നു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ച് പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഓയൂരിൽ കുഞ്ഞിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ സിജിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ച് ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണ് സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയെ കാണാതായിട്ട് 16 മണിക്കൂറുകളോളം പിന്നിട്ടു. രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഇത് വരെയും കണ്ടെത്താനായിട്ടില്ല.
Discussion about this post