മുംബൈ: മഹാരാഷ്ട്രയിൽ രുചിയേറിയ ഭക്ഷണം പാകംചെയ്തില്ലെന്ന് ആരോപിച്ച് അമ്മയെ മകൻല കൊലപ്പെടുത്തി. താനെയിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം. മൂർബാദ് സ്വദേശിനിയായ 55 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് മകനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഭക്ഷണത്തിന് രുചിപോരെന്ന് ആരോപിച്ച് 55കാരിയുമായി പ്രതി വഴക്കിട്ടിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഓരോരോ കാരണങ്ങൾ കാട്ടി ഇരുവരും തമ്മിൽ വഴക്കിടുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ രുചിപോരെന്ന് പറഞ്ഞ് ഇയാൾ മാതാവുമായി വഴക്കിട്ടു. മാതാവും തർക്കിച്ചതോടെ ഇരുവരും തമ്മിലുള്ള വാക്‌പോര് മൂർച്ചിക്കുകയായിരുന്നു.
ഇതിനിടെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിവാളെടുത്ത് പ്രതി 55കാരിയുടെ കഴുത്ത് മുറിച്ചു. സാരമായി പരിക്കേറ്റ 55 കാരി അപ്പോൾ തന്നെ മരിക്കുകയായിരുന്നു. അയൽപക്കക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത് പോലീസാണ്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് രുചിയായി ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് പ്രതി മൊഴി നൽകിയത്.









