ജയ്പൂർ : രാജസ്ഥാനിലെ പ്രതാപ്ഗഡിൽ അമിതവേഗതയിലെത്തിയ ബസ് മറിഞ്ഞ് അപകടം. 33 പേർക്ക് പരിക്കേറ്റു. ബസ്സിൽ ഉണ്ടായിരുന്ന പല യാത്രക്കാരുടെയും നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രി മധ്യപ്രദേശിലെ മന്ദ്‌സൗറിൽ നിന്ന് രാജസ്ഥാനിലെ പ്രതാപ്ഗഡിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.
അമിത വേഗതയിലെത്തിയ ബസ് ഹത്തൂനിയ ഗ്രാമത്തിന് സമീപം വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ബസിനുള്ളിൽ നിന്നും ആളുകളുടെ കൂട്ടമായുള്ള നിലവിളി കേട്ടതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി ബസിന്റെ ചില്ലുകൾ തകർത്ത് യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഈ വഴി പോയിരുന്ന ട്രക്കുകളിലും മറ്റുമായി ഇവരെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു.
വിവരമറിഞ്ഞ് ഹത്തൂനിയ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് യാത്രക്കാരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഋഷികേശ് മീണയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ജില്ലാ ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Discussion about this post