കൊല്ലം: തട്ടിക്കൊണ്ട് പോകൽ കേസിൽ ആറ് വയസ്സുകാരിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്ത് അന്വേഷണ സംഘം. വീട്ടിൽ നേരിട്ട് എത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിരേഖപ്പെടുത്തിയത്. 12 മണിയ്ക്ക് വീട്ടിൽ എത്തിയ പോലീസ് സംഘം മൂന്ന് മണിയ്ക്ക് ശേഷമാണ് മടങ്ങിയത്.
സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കുട്ടിയുടെ പിതാവിന്റേതുൾപ്പെടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള സ്ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയായ സ്ത്രീയാണ് ഇവരെന്നാണ് കണ്ടെത്തൽ. നീണ്ട അഞ്ച് ദിവസത്തിന് ശേഷമാണ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം കയറിയ ഓട്ടോ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.
Discussion about this post