ഭുവനേശ്വർ : ഒഡീഷ തീരത്ത് നങ്കൂരമിട്ട ഇൻഡോനേഷ്യൻ കപ്പലിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു. 220 കോടി രൂപയുടെ കൊക്കെയ്ൻ ആണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഒഡീഷയിലെ പാരാദീപ് ഇന്റർനാഷണൽ കാർഗോ ടെർമിനലിൽ നങ്കൂരമിട്ടിരിക്കുന്ന എംവി ഡെബി എന്ന ഇന്തോനേഷ്യൻ ബൾക്ക് കാരിയർ കപ്പലിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.
ഡെന്മാർക്കിലേക്കുള്ള യാത്രയിൽ ആയിരുന്നു എംവി ഡെബി കപ്പൽ. യാത്ര ഇടവേളയിൽ ഒഡീഷ തീരത്ത് നങ്കൂരമിട്ട സമയത്ത് ക്രെയിൻ ഓപ്പറേറ്റർ ആണ് കപ്പലിനുള്ളിൽ സംശയാസ്പദമായ രീതിയിൽ ചില പൊതിക്കെട്ടുകൾ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ ആണോ എന്നാണ് ആദ്യം ക്രൈം ഓപ്പറേറ്റർക്ക് സംശയം തോന്നിയത്. തുടർന്ന് ഉദ്യോഗസ്ഥരെയും ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു.
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പാക്കറ്റുകൾ സ്ഫോടക വസ്തുക്കൾ അല്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വിശദമായി സ്കാൻ ചെയ്ത് നോക്കിയപ്പോഴാണ് മയക്കുമരുന്ന് ആണെന്ന് കണ്ടെത്തിയത്. 22 കിലോ കൊക്കെയ്ൻ ആയിരുന്നു ഈ പൊതികളിൽ ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ 220 കോടി രൂപ വിലമതിക്കുന്നതാണ് കണ്ടെത്തിയ മയക്കുമരുന്ന്. കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്ത ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.








