ഭോപ്പാൽ: രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ദിനങ്ങളാണ് നാളെയും മറ്റെന്നാളും. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലാണ് വോട്ടെണ്ണൽ. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരാനുള്ളത്.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മിസോറം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നാളെ വോട്ടെണ്ണും. മിസോറാമിൽ തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ട്രയലായി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കണക്കാക്കാം. സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് കേന്ദ്രം ആരു ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരം നൽകുക. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയ്ക്കും കോൺഗ്രസിനും ഏറെ നിർണായകമാണ്.
മദ്ധ്യപ്രദേശിൽ 230 നിയമസഭാ സീറ്റുകളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. നിലവിൽ സംസ്ഥാനത്ത് ഭരണം ബിജെപിയ്ക്കാണ്. ഇക്കുറി ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ ബിജെപി ഭരണം വിട്ടുകൊടുക്കില്ലെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പറയുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ കമൽനാഥ് സർക്കാരിന് ആയിരുന്നു വിജയം. എന്നാൽ 2020 ൽ സർക്കാർ പൊളിഞ്ഞതോടെ ബിജെപി അധികാരത്തിലേറുകയായിരുന്നു. മദ്ധ്യപ്രദേശിൽ ഇക്കുറി 140 മുതൽ 162 സീറ്റുകളിൽവരെ ബിജെപി വിജയിക്കുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി അശോക്‌ഗെഹ്ലോട്ടും, സച്ചിൻ പൈലറ്റും തമ്മിലുള്ള ചേരിപ്പോരിന്റെ പേരിലാണ് രാജസ്ഥാനിൽ കോൺഗ്രസ് പ്രസിദ്ധമായിട്ടുള്ളത്. ഈ ചേരിപോര് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പ്രഹരം ആകുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ നൽകുന്ന സൂചന. 199 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 106 സീറ്റുവരെ കോൺഗ്രസ് സ്വന്തമാക്കുമെന്നാണ് പ്രവചനം. 100 സീറ്റ് എന്ന സംഖ്യയുമായി ബിജെപിയും തൊട്ടുപിന്നിലുണ്ട്. ഇക്കുറി രാജസ്ഥാൻ കോൺഗ്രസിന്റെ കൈവിടുമെന്നാണ് വിലയിരുത്തൽ.
90 നിയമസഭാ സീറ്റുകളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ് ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇവിടെയും ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. 53 സീറ്റുകൾവരെ ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇക്കുറി കോൺഗ്രസിന് അനായാസ ജയം സാദ്ധ്യമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മൂന്നാംവട്ടവും മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ടാകും നാളെ കെ.ചന്ദ്രശേഖരറാവു ഉറക്കമുണരുക. എന്നാൽ ഈ സ്വപ്‌നം ഫലിക്കില്ലെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ നൽകുന്ന സൂചന. ഇക്കുറി തെലങ്കാന കോൺഗ്രസ് തൂത്തുവാരും എന്നാണ് പ്രവചനം.








