ആലത്തൂര്‍: നിയമലഘനം നടത്തി മാറ്റങ്ങൾ വരുത്തിയ ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് എംവിഡി. സ്കൂളിൽ നിന്ന് വിനോദയാത്രക്കായി നിയമാനുസൃതമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസുകളാണ് എംവിഡി പിടിച്ചെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കാവശ്ശേരിയിലായിരുന്നു ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ വിനോാദ യാത്രക്കായി എത്തിയ ബസുകൾ എംവിഡി പിടിച്ചെടുത്തത്. സ്കൂളിൽ ആദ്യമെത്തിയ ബസുകളില്‍, സംഗീതത്തിനുള്ള ശബ്ദക്രമീകരണവും നൃത്തം ചെയ്യുമ്പോള്‍ ഇടാനുള്ള വര്‍ണവെളിച്ച സംവിധാനവും പോരെന്ന് പറഞ്ഞ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെയാണ് രണ്ടാമത് മറ്റ് രണ്ട് ബസുകൾ എത്തിച്ചത്.
ശബ്ദ സംവിധാനങ്ങൾ ഇല്ലാത്ത ബസിൽ യാത്ര ചെയ്യില്ലെന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ നിർബന്ധം പിടിച്ചതോടെ അദ്ധ്യാപകർ നെന്മാറയില്‍ നിന്നും പാലക്കാട് നിന്നുമായാണ് ബസുകൾ ഏർപ്പാടാക്കിയത്. എന്നാൽ ഇതിൽ വിദ്യാർത്ഥികൾ കയറുന്നതിന് മുൻപ് തന്നെ, വിവരമറിഞ്ഞ് പാലക്കാട് മോട്ടോര്‍ വാഹന വകുപ്പും ആലത്തൂര്‍ ജോ ആര്‍ടിഒ അധികൃതരും സ്ഥലത്തെത്തി. ഇവര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതോടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു,. ഇതോടെ വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര മുടങ്ങുകയും ചെയ്തു. നിയമലംഘനത്തിന് ആറായിരം രൂപ വീതമാണ് രണ്ട് ബസുകള്‍ക്കും പിഴ ചുമത്തിയത്.
പിടിച്ചെടുത്ത വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഹാജരാക്കിയ രേഖകളില്‍ സംശയമുണ്ടെന്ന് എംവിഡി അധികൃതര്‍ വ്യക്തമാക്കി. രേഖകളുടെ അസല്‍ ഹാജരാക്കാന്‍ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. ഇവ ഹാജരാക്കാത്ത പക്ഷം മറ്റ് നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post