സിലിക്കൺ വാലിയിലെ അതികായന്മാർ അടുത്തയാഴ്ച ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ഒത്തുചേരുന്നു. ഫെബ്രുവരി 19-ന് ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ‘ഇന്ത്യ എഐ ഇംപാക്റ്റ് സമിറ്റിൽ’ (India-AI Impact Summit 2026) പങ്കെടുക്കാനാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ഓപ്പൺ എഐ തലവൻ സാം ആൾട്ട്മാനും അടക്കമുള്ള ടെക് ഭീമന്മാർ എത്തുന്നത്. ഫോർബ്സ് മാസികയിലെ അതിസമ്പന്നരുടെ പട്ടികയെ അനുസ്മരിപ്പിക്കും വിധം വൻനിരയാണ് സമിറ്റിൽ അണിനിരക്കുന്നത്.
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, എൻവിഡിയ തലവൻ ജെൻസൻ ഹുവാങ്, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ്, ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, മെറ്റാ ചീഫ് എഐ സയന്റിസ്റ്റ് അലക്സാണ്ടർ വാങ്, ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോൺ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളുടെ തലപ്പത്തുള്ളവർ ഒരേ മേൽക്കൂരയ്ക്ക് താഴെ എത്തുന്ന ആദ്യ ആഗോള ഉച്ചകോടിയായി ഇത് മാറും. ഇവർക്ക് പുറമെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മറ്റ് ഇരുപതോളം രാജ്യങ്ങളിലെ ഭരണത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഈ വ്യക്തികൾ ഡൽഹിയിലേക്ക് ഒഴുകുന്നത് എന്ന ചോദ്യത്തിന് ‘ദന്ദോ’ (Dhandho) അഥവാ ബിസിനസ്സ് എന്നാണ് വിപണി വിദഗ്ധരുടെ ഉത്തരം. കോടിക്കണക്കിന് ഡോളർ എഐ (AI) വികസനത്തിനായി ചെലവാക്കുന്ന കമ്പനികൾക്ക് ലാഭം തിരിച്ചുപിടിക്കാൻ ഇന്ത്യയെപ്പോലെ വലിയൊരു വിപണി മറ്റെവിടെയുമില്ല. ലോകത്തിന്റെ ‘ബാക്ക് ഓഫീസ്’ ആയി അറിയപ്പെട്ടിരുന്ന ഇന്ത്യ, ഇപ്പോൾ എഐ സേവനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായി മാറുകയാണ്. ചൈനീസ് വിപണി പല പാശ്ചാത്യ കമ്പനികൾക്കും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, ഡാറ്റയും ഉപഭോക്താക്കളും ഒരുപോലെയുള്ള ഏക വിപണി ഇന്ത്യയാണ്.
ആന്ത്രോപിക് എന്ന എഐ സ്റ്റാർട്ടപ്പ് കഴിഞ്ഞ ഒരു വർഷത്തിനിടെ വരുമാനം 9 ബില്യൺ ഡോളറിൽ എത്തിച്ചിരുന്നു. 2026-ൽ ഇത് ഇരട്ടിയാക്കി 18 ബില്യൺ ഡോളറിൽ എത്തിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിനായി ഇന്ത്യയിലെ ഐടി മേഖലയെയാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മുൻ എംഡി ഇറിന ഘോഷിനെ അവർ ഇന്ത്യൻ പ്രവർത്തനങ്ങളുടെ തലപ്പത്ത് നിയോഗിച്ചത്. ഓപ്പൺ എഐയും ഇന്ത്യയിൽ പ്രത്യേക സെയിൽസ് വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഗൂഗിളും മൈക്രോസോഫ്റ്റും വിദ്യാഭ്യാസ രംഗത്ത് എഐ എത്തിക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്.
ഇന്ത്യൻ ബജറ്റിൽ പ്രഖ്യാപിച്ച ഡാറ്റാ സെന്ററുകൾക്കുള്ള 21 വർഷത്തെ നികുതി ഇളവ് ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ അടക്കമുള്ള ഹാർഡ്‌വെയർ കമ്പനികളെയും ആകർഷിച്ചിട്ടുണ്ട്. ആഗോളതലത്തിൽ എഐ മത്സരക്ഷമതയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. ലോകത്തെ 20 ശതമാനം ഡാറ്റയും ഇന്ത്യയിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് എഐ പരിശീലനത്തിന് ഏറ്റവും അനുയോജ്യമായ ഡാറ്റാ ശേഖരമാണ്. ഇന്ത്യയിലെ 70 കോടിയിലധികം ഇന്റർനെറ്റ് ഉപഭോക്താക്കൾ നൽകുന്ന വൈവിധ്യമാർന്ന വിവരങ്ങളാണ് ടെക് കമ്പനികളുടെ യഥാർത്ഥ ലക്ഷ്യം.
ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറിവാടക പോലും ഒരു രാത്രിക്ക് 30 ലക്ഷം രൂപ വരെ ഉയർന്നിരിക്കുകയാണ്. കേവലം ഒരു ബാക്ക് ഓഫീസ് സേവന കേന്ദ്രം എന്ന നിലയിൽ നിന്ന് ലോകത്തെ എഐ വിന്യാസത്തിന്റെ നിയന്ത്രണ കേന്ദ്രമായി (Front-office) ഇന്ത്യ മാറുന്ന കാഴ്ചയാകും ഫെബ്രുവരി 19-ന് രാജ്യം കാണുക.








