2018 മുതൽ ഒറ്റകക്ഷിയായി രാജസ്ഥാൻ ഭരിച്ച കോൺഗ്രസ് ഇത്തവണ ബിജെപിക്ക് മുൻപിൽ മുട്ടുമടക്കി. ഈ തിരഞ്ഞെടുപ്പിലെ പ്രധാന താരമായി കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്ന സച്ചിൻ പൈലറ്റിന് ഇത്തവണ ബിജെപിയുടെ അജിത്ത് സിംഗ് മേത്തക്ക് മുന്നിൽ അടി പതറി. ടോങ്ക് മണ്ഡലത്തിൽ സച്ചിൻ പൈലറ്റ് ഇപ്പോഴും പിന്നിലാണ്.
ആദ്യ ഘട്ടത്തിൽ സച്ചിന് നേരിയ ലീഡ് ഉയർത്താനായെങ്കിലും പിന്നീട് തുടർച്ചയായി അജിത് സിംഗ് കുതിച്ചുകയറി. 2018ൽ ബിജെപിയുടെ യൂനസ് ഖാനോട് മത്സരിച്ചാണ് സച്ചിൻ ടോങ്ക് നേടിയെടുത്തത്. എന്നാൽ, ഇത്തവണ ഈ സീറ്റ് ബിജെപി തിരിച്ചു പിടിച്ചേക്കും.
രാജസ്ഥാനിലാകെ ബിജെപിയിൽ നിന്ന് വലിയൊരു അറ്റാക്കാണ് കോൺഗ്രസ് ഏറ്റുവാങ്ങുന്നത്. 120 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 66 ഇടങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ഉയർത്താനായത്. ബിജെപി നേതാവ് വസുന്ധര രാജെ രാജസ്ഥാനിലെ ജല്രപട്ടൻ നിയമസഭാ സീറ്റിൽ കോൺഗ്രസിന്റെ രാംലാൽ ചൗഹാനെതിരെ 7,025 വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുകയാണ്.
വിദ്യാധർ നഗർ മണ്ഡലത്തിൽ കോൺഗ്രസിന്റെ സീതാറാം അഗർവാളിനെതിരെ ബിജെപിയുടെ ദിയ കുമാർ 420 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു. നിംബഹേര നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ശ്രീചന്ദ് കൃപ്ലാനി കോൺഗ്രസിന്റെ എതിരാളിയായ അഞ്ജന ഉദയാലാലിനെതിരെ 1,220 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.








