തിരുവനന്തപുരം: മെഡിക്കൽ രേഖകൾ മൊബൈലിൽ ഫോട്ടോയെടുത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ഐഎംഎ അദ്ധ്യക്ഷൻ ഡോ. സുൽഫി നൂഹ്. ചിലപ്പോഴെല്ലാം ഇങ്ങനെ സൂക്ഷിക്കുന്ന രേഖയ്ക്ക് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആവശ്യമില്ലാതെ തന്നെ നിരവധി ചിത്രങ്ങൾ നാം ഫോണിൽ സൂക്ഷിക്കാറുണ്ട്. ഇതിനിടയിൽ മെഡിക്കൽ രേഖകളും സൂക്ഷിച്ചാൽ ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് മുൻപിൽ ചികിത്സാ രേഖകൾ എടുക്കാൻ മറന്ന് എത്തിയ രോഗിയുമായുള്ള അനുഭവം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മൊബൈലെടുത്ത് കിണറിലെയൂ?
അങ്ങനെയാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.
രോഗിയാണ്!
മൂന്നാമത്തെ വിസിറ്റാണ്.
അലർജിയും സൈനസൈറ്റിസുമാണ് പ്രശ്‌നം.
ആദ്യ വിസിറ്റിലെ മരുന്നുകളുടെ കടലാസുകൾ ഒന്നും തന്നെ ഇല്ലാതെ രണ്ടാമത്തെ വരവ്.
പഴയ ചികിത്സാ രേഖകളില്ലാതെ നോക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ തിരിച്ച് വീട്ടിൽ പോയി കുറിപ്പടികളുമായെത്തിയ വിദ്വാനാണ്.
ഇപ്പൊ മൂന്നാമത്തെ വിസിറ്റ്.
ഇപ്പോഴും തഥൈവ.
പ്രിസ്‌ക്രിപ്ഷൻ കടലാസീല്ലാന്ന് മാത്രമല്ല മരുന്നുകളുടെ പേരും ഓർമ്മയില്ല.
അതായത് ഞാൻ ഗണിച്ചെടുക്കണം.
അദ്ദേഹത്തിന്റെ കൈയിലാണെങ്കിൽ ഒന്നര ലക്ഷത്തിലേറെ വിലയുള്ള സാംസങ് ഫോൾഡ്.
എനിക്ക് സത്യമായും അരിശം മൂത്തു.
‘മൊബലെടുത്തു കിണറിൽ എറിയൂ’.
‘അല്ലെങ്കിൽ വല്ല ആറിലോ, ഓടയിലോ വലിച്ചെറിയൂ’.
‘അതിനു പറ്റീല്ലെൽ ബാത്‌റൂമിൽ പോയി ഫ്‌ലഷ് ചെയ്തു കളയൂ’.
എനിക്ക് കലി!
അദ്ദേഹത്തിന് നിഷ്‌കളങ്കമായ ഒരു ചിരി.
മൊബൈലിൽ അത്യാവശ്യമുള്ള ചികിത്സാരേഖകളുടെ ഒരു ഫോട്ടോ എടുത്തിടാൻ സെക്കൻഡുകൾ മതിയാകും
എന്നും,എപ്പോഴും, എവിടെയും, ഉപയോഗിക്കാം.
അടുത്ത തവണ ഡോക്ടറിനെ കാണാൻ ചെല്ലുമ്പോൾ കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്ക്കും അത് കൂടുതൽ സഹായിക്കും.
പക്ഷേ നമ്മുടെയൊക്കെ മൊബൈലിലോ.
ഈ ലോകത്തെ എല്ലാ ഗ്രൂപ്പുകളിലെയും വാട്‌സ് ആപ്പ് സന്ദേശങ്ങൾ.
വിവിധ ചാനലുകളിൽ വരുന്ന വാർത്തകളുടെ, ട്രോളുകളുടെ, റീലുകളുടെ അന്താരാഷ്ട്ര സമ്മേളനം.
ഇതൊക്കെ തിന്നൊടുക്കുന്ന മൊബൈൽ സ്‌പേസിന്റെ കാര്യം അതിഗംഭീരം.
ഈ ചവറൊക്കെ ചേർന്നാൽ മുക്കാൽ ഭാഗത്തോളം വരും.
ചികിത്സാ രേഖകളുടെ രണ്ട് ഫോട്ടോ എടുക്കാൻ ഇതിന്റെയൊക്കെ നൂറിൽ ഒരു ശതമാനം മൊബൈൽ സ്‌പേസ് വേണ്ട, സമയം സെക്കൻഡുകളും
അദ്ദേഹം ഇത്തവണയും വീട്ടിലേക്ക് തിരിച്ചുപോയി ചികിത്സാരേഖകൾ എടുക്കാൻ!
ചികിത്സയുടെ മാത്രമല്ല അത്യാവശ്യം മറ്റു ചില കാര്യങ്ങളുടെ കൂടെ ഫോട്ടോയെടുത്ത് മൊബൈലിൽ സൂക്ഷിക്കാൻ റോക്കറ്റ് ടെക്‌നോളജി ഒന്നും വേണ്ട തന്നെ!
ചിലപ്പോഴൊക്കെ ഒരു ചികിത്സാ രേഖയ്ക്ക് ജീവൻ രക്ഷിക്കാൻ കഴിയും!
ജീവൻറെ വിലയുള്ള ഫോട്ടോസ്!
അതിന് കഴിഞ്ഞില്ലെങ്കിൽ മൊബൈലെടുത്ത് കിണറിൽ ഇടുന്നതാ ബുദ്ധി!
അവനവിടെ സ്വസ്ഥമായി കിടക്കട്ടെ!
ഡോ സുൽഫി നൂഹു
Discussion about this post