മുംബൈ : ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാനും ഒടുവിൽ ഇവി യുഗത്തിലേക്ക് ചുവട് വച്ചിരിക്കുകയാണ്. കിംഗ് ഖാന്റെ ഗ്യാരേജിലേക്ക് ആദ്യ ഇലക്ട്രോണിക് കാർ എത്തി. താരം ആദ്യമായി സ്വന്തമാക്കുന്ന ഇലക്ട്രോണിക് കാർ ഹ്യുണ്ടായ് അയോണിക് 5 ആണ്. ദക്ഷിണകൊറിയൻ കമ്പനിയായ ഹ്യുണ്ടായുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഷാരൂഖ് ഖാൻ .

ഹ്യുണ്ടായ് തനിക്കൊരു കുടുംബം പോലെയാണെന്നും 25 വർഷമായി ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി പ്രവർത്തിക്കുന്നു എന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി. ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടതും വിശ്വസനീയവുമായ ഒരു കാർ ബ്രാൻഡ് ആണ് ഹ്യുണ്ടായ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യൻ വിപണിയിലെ ഇലക്ട്രോണിക് വാഹനങ്ങളുടെ തരംഗത്തിൽ ചുവട് ഉറപ്പിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. നിരവധി സവിശേഷതകളോട് കൂടി പുറത്തിറക്കിയിട്ടുള്ള ഹ്യുണ്ടായ് അയോണിക് 5 ന് നിലവിൽ 46 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

ഹ്യുണ്ടായ് അയോണിക് 5-ൽ 72.6 kWh ബാറ്ററി ആണുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ (ARAI) 631 കിലോമീറ്റർ റേഞ്ച് നൽകുന്നതാണ് ഇതിന്റെ സവിശേഷത. 214 എച്ച്‌പി പരമാവധി പവറും 350 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന ഒരൊറ്റ പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ ആണ് അയോണിക് 5 ന്റെ മറ്റൊരു സവിശേഷത. 150 kW DC ഫാസ്റ്റ് ചാർജറിന് 21 മിനിറ്റിനുള്ളിൽ ബാറ്ററി 80 ശതമാനം വരെ വർദ്ധിപ്പിക്കാൻ കഴിയും. സാധാരണ ഇലക്ട്രോണിക് കാറുകൾക്ക് ലഭിക്കുന്ന 50 kW ചാർജറിന് ഇത്രയും ചാർജ് നൽകാൻ ഒരു മണിക്കൂർ എടുക്കുന്നതാണ്.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സമാനമായ വലിപ്പത്തിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെഹിക്കിൾ-ടു- ലോഡ് ഫംഗ്ഷൻ (V2L) തുടങ്ങിയവ ഹ്യുണ്ടായ് അയോണിക് 5 ന്റെ മറ്റു പ്രധാന സവിശേഷതകളാണ്.








