പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ ഭീതി പടർത്തി നിരോധിത ഭീകരസംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി). വാസീർ സബ് ഡിവിഷനിലെ മലയോര മേഖലയായ ഹത്തിഖേലിൽ നിന്ന് 13 ഗ്രാമവാസികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. പ്രദേശത്ത് ഭീകരരുടെ ശല്യവും ഭീഷണിയും സഹിക്കവയ്യാതെ സാധനസാമഗ്രികളുമായി വാഹനം വിളിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നാടുവിടാൻ ശ്രമിച്ച പ്രദേശവാസികളെയാണ് വഴിമധ്യേ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്.
പ്രദേശത്തുനിന്ന് ആളുകൾ ഒഴിഞ്ഞുപോകുന്നത് തടയാൻ ഭീകരർ കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരരുടെ ഭീഷണിയും നിർദേശങ്ങളും ലംഘിച്ച് പ്രദേശം വിടാൻ ശ്രമിച്ച ചില കുടുംബങ്ങളുടെ വീടുകൾ ഭീകരർ ബുൾഡോസറുകളും ആയുധങ്ങളും ഉപയോഗിച്ച് തകർത്തതായും വിവരമുണ്ട്. അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ ബന്ദികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിരോധിത സംഘടനയായ ടിടിപിയുടെ പ്രാദേശിക കമാൻഡർ നാസിർ അഥവാ ‘ഗിദാർ’ എന്ന് വിളിക്കപ്പെടുന്നയാളുടെ നേതൃത്വത്തിലാണ് സംഘത്തെ തട്ടിക്കൊണ്ടുപോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ തട്ടിക്കൊണ്ടുപോകൽ സംഭവത്തെക്കുറിച്ചോ ജനങ്ങളുടെ വീടുകൾ തകർത്തതിനെക്കുറിച്ചോ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പാകിസ്ഥാൻ പോലീസോ പ്രാദേശിക ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ക്രമസമാധാനം പൂർണമായി തകർന്ന അവസ്ഥയിലാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ.












