തൃശൂർ : നവ കേരള ബസ് പൈലറ്റ് വാഹനം ഇരുചക്ര വാഹനത്തിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചേലക്കരയിലെ നവ കേരള സദസ്സ് കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
ചെറുതുരുത്തി സ്വദേശി റഷീദിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിവേഗതയിൽ എത്തിയ പൈലറ്റ് വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ശക്തമായ ഇടിയായിരുന്നതിനാൽ റഷീദിന് സാരമായി തന്നെ പരിക്കേറ്റിട്ടുണ്ട്.
പോലീസും നാട്ടുകാരും ചേർന്നാണ് ഗുരുതരമായി പരിക്കേറ്റ റഷീദിനെ ആശുപത്രിയിൽ എത്തിച്ചത്. പൈലറ്റ് വാഹനത്തിന്റെ അമിതവേഗതയും അശ്രദ്ധയും ആണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വടക്കാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന റഷീദിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Discussion about this post