ഡല്‍ഹി: നിയമന ഏജന്‍സി തട്ടിപ്പില്‍പ്പെട്ട് രണ്ടാഴ്ചയോളം ദുബായിയിലെ അതിര്‍ത്തി പ്രദേശത്ത് ബസില്‍ കഴിയേണ്ടി വന്ന ഇന്ത്യക്കാര്ക്കരികില് സൗദി ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തിച്ചേര്‍ന്നതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. തട്ടിപ്പിനിരയായ ആകാശ് യൂടൂബില്‍ സുഷമാ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
നമ്മുടെ എംബസി അധികൃതര്‍ ആകാശിന്റെ അടുത്തെത്തി. അവര്‍ അവിടെ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്- സുഷമ ട്വീറ്റ് ചെയ്തു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു ഡസനോളം ഉത്തര്‍പ്രദേശുകാരാണ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ടത്. ദുബായ് അതിര്‍ത്തി പ്രദേശത്ത് കുടുങ്ങിയ ഇവരെ ചില ഇന്ത്യക്കാരായ പ്രവാസികളാണ് സഹായിച്ചത്.
തിരിച്ചുവരുന്നതിനുള്ള നടപടികള്‍ കമ്പനി സ്പോണ്‍സര്‍മാര്‍ ചെയ്യേണ്ടതിനാല്‍ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുടെ ഇടപെടലിനായി ശ്രമിക്കുകയാണെന്നും സുഷമ ട്വീറ്റ് ചെയ്തു. സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. സൗദിയില്‍ നിന്നും തിരികെ എത്താനായി എംബസിയുടെ സഹായം ദുരിതത്തില്‍പ്പെട്ടവര്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ഒക്ടോബറിലാണ്. എംബസി അവരുടെ കേസ് വാദിക്കാന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്- സു്ഷമ വ്യക്തമാക്കി.
Discussion about this post