ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയി കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലും രാജസ്ഥാനിലുമായി നിരവധി ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ ബിഷ്‌ണോയിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ വസതികളിലാണ് ഇഡി പരിശോധന നടത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് പരിശോധന നടത്തുന്നത്. മൂസ് വാലയുടെ കൊലപാതകവുമായി ബിഷ്‌ണോയ് സംഘത്തിന് പങ്കുണ്ടെന്നും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പഞ്ചാബ് പോലീസ് പറഞ്ഞിരുന്നു.
മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ച് മൂസ് വാല അജ്ഞാതരാൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിനും ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇന്ത്യയിലുടനീളം അക്രമ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും നടത്താൻ തീവ്രവാദ ഗ്രൂപ്പുകളും ക്രിമിനൽ സംഘങ്ങളും ഗൂഢാലോചന നടത്തിയെന്ന കേസിലാണ് 2022 നവംബറിൽ പഞ്ചാബിലെ ബതിന്ദാ ജയിലിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്തത്. ജയിലിനുള്ളിൽ നിന്നാണ് ബിഷ്‌ണോയി തന്റെ ഗൂഢാലോചനകളിൽ ഭൂരിഭാഗവും നടത്തുന്നതെന്നായിരുന്നു കണ്ടെത്തൽ. 2023 നവംബറിൽ, ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയി, ബബ്ബർ ഖൽസ ഇന്റർനാഷണൽ ഭീകരസംഘം ശൃംഖല കേസിൽ എൻഐഎ മൂന്നാം കുറ്റപത്രം സമർപ്പിച്ചു.
ദർമൻ സിംഗ് എന്ന ദർമൻജോത് കഹ്‌ലോൺ, പ്രിൻസ് എന്ന പർവീൺ വാധ്വ, സാധു എന്ന യുധ്വീർ സിംഗ്, വികാസ് സിംഗ് എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, ഛത്തിസ്ഗഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലായി നിരവധി പ്രദേശങ്ങളിൽ ആസൂത്രിതമായ കൊലപാതകങ്ങൾ നടത്താനുള്ള ഗൂഢാലോചന ഉൾപ്പെടെയുള്ള കേസുകളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
2014ൽ രാജസ്ഥാൻ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ബിഷ്‌ണോയി പിടിയിലായത്. കഴിഞ്ഞ വർഷം ഇയാളെ ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മാറ്റി. എന്നാൽ, ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ജൂൺ 14 ന് അറസ്റ്റ് ചെയ്യുകയും പഞ്ചാബിലേക്ക് മാറ്റുകയുമായിരുന്നു.
Discussion about this post