ന്യൂയോർക്ക് : ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ അസംബന്ധമാണെന്ന് യുഎസ് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ശ്രീലങ്കയിലെ ഒരു കണ്ടെയ്‌നർ ടെർമിനലിനായി 553 മില്യൺ ഡോളറിന്റെ കരാർ അദാനി ഗ്രൂപ്പുമായി ഉറപ്പിക്കുന്ന വേളയിലാണ് യുഎസ് സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിലെ രൂക്ഷമായ ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ ഏകദേശം 100 ബില്യൺ ഡോളർ കുറവ് വന്നിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ വിശദമായ അന്വേഷണം നടത്തി എന്നും റിപ്പോർട്ട് അസംബന്ധമാണെന്ന് കണ്ടെത്തിയെന്നും യുഎസ് സർക്കാരിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
അദാനി ഗ്രൂപ്പിനോടൊപ്പം ചേർന്നുള്ള ശ്രീലങ്കൻ തുറമുഖ കരാർ യുഎസ് ഗവൺമെന്റ് പിന്തുണയുള്ള ഏഷ്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്. ലോകമെമ്പാടും അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള സഹായങ്ങൾ നൽകി ആ രാജ്യങ്ങളെ വരുതിയിലാക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഫലമായി ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ ചെറുക്കാനുള്ള അമേരിക്കൻ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.








