ന്യൂഡൽഹി: പാർലമെന്റ് മന്ദരിത്തിനെതിരെ ഭീകരാക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപതന്ത്വ സിങ് പന്നു.പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികമായ ഡിസംബർ 13ന് ആക്രമണം നടത്തുമെന്നാണ് പന്നു പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്. 2001 ഡിസംബർ 13നായിരുന്നു പാർലമെന്റ് ആക്രമണം.
2013ൽ തൂക്കിലേറ്റപ്പെട്ട, പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെ ‘ഡൽഹി ബനേഗാ ഖലിസ്ഥാൻ’ (ഡൽഹി ഖാലിസ്ഥാനായി മാറും) എന്ന കുറിപ്പോടെയുള്ള പോസ്റ്റർ ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന വീഡിയോയിൽ, തന്നെ കൊല്ലാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടതായി പന്നു പറഞ്ഞു. ഡിസംബർ 13നോ അതിനുമുൻപോ ‘പാർലമെന്റിന്റെ അടിത്തറ തന്നെ ഇളക്കുന്ന’ നടപടി സ്വീകരിച്ചുകൊണ്ട് ഇതിനു മറുപടി നൽകുമെന്നും പന്നു ഭീഷണി മുഴക്കുന്നു.
തിങ്കളാഴ്ച ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടരുന്നതിനിടെയാണ് പന്നുവിന്റെ ഭീഷണി. ഡിസംബർ 22 വരെ സമ്മേളനം തുടരും. പന്നുവിന്റെ ഭീഷണി വീഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.
കഴിഞ്ഞ നവംബർ പത്തൊൻപതിന് എയർഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു.
Discussion about this post