എറണാകുളം: കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ ഭർത്താവ് ഷാജിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
2012 ഓഗസ്റ്റ് എട്ടിനായിരുന്നു ഷോജിയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
ലോക്കല്‍ പോലീസ് ആദ്യം കരുതിയത് ആത്മഹത്യയാണെന്നായിരുന്നു. എന്നാൽ കഴുത്തറത്ത കത്തി കണ്ടെത്താൻ സാധിച്ചില്ല. ഭര്‍ത്താവ് ഷാജിയെ അടക്കം ചോദ്യം ചെയ്‌തെങ്കിലും തെളിവു ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇതിനിടെ അന്വേഷണം പെരുമ്പാവൂർ ജിഷ കൊലക്കേസ് പ്രതിയിലേക്കും നീണ്ടിരുന്നു. രണ്ട് കൊലപാതകങ്ങളിലെയും സമാനതകള്‍, കൊലനടന്ന സ്ഥലങ്ങളുടെ സാമിപ്യം, ആറു വര്‍ഷം മുന്‍പാണു അമീര്‍ കേരളത്തിലെത്തിയതെന്നു സൂചന നല്‍കുന്ന അമ്മ ഖദീജയുടെ മൊഴികള്‍ എന്നിവയാണ് ഈ കേസില്‍ ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിലേക്ക് അന്വേഷണമെത്തിച്ചത്. ഇതോടെ കേസിൽ ഇയാളെ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിരുന്നു.
രാവിലെ 11 മണിയോടെയായിരുന്നു ഷോജി കൊല്ലപ്പെട്ടത്. വീടിനോടു ചേര്‍ന്നുള്ള മുറിയില്‍ ഔഷധശാല നടത്തുന്ന ഇവർ ഈ സമയത്ത് തനിച്ചായിരുന്നു. വീടിന്റെ രണ്ടാം നിലയില്‍ ജോലി ചെയ്യുന്ന രണ്ട് നിര്‍മാണ തൊഴിലാളികള്‍ ചായ കുടിക്കാനായി പുറത്തുപോയ സമയത്താണ് കൊല നടന്നതെന്നായിരുന്നു പോലീസ് കണ്ടെത്തൽ. വീടിന്റെ പിന്‍വശത്തെ മുറിയില്‍ തറയില്‍ വിരിച്ചിരുന്ന പുല്‍പായയില്‍ കഴുത്തറുത്തു രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.
ജിഷയുടെയും ഷോജിയുടെയും കൊലപാതകങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നായിരുന്നു കേസിന്റെ ഒരു ഘട്ടത്തിലുള്ള നിഗമനങ്ങൾ. എന്നാൽ, ഈ ആശയക്കുഴപ്പങ്ങളാണ് ഇപ്പോൾ അവസാനിച്ചത്.
സ്വന്തം വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഷോജി വീടിന് സമീപത്തുള്ള കടയിലാണ് ഉണ്ടായിരുന്നത്. ആ സമയത്ത് വീട്ടിലെത്തിയ ഷാജി സ്വര്‍ണം എടുത്തു. ശബ്ദം കേട്ട് ഷോജി വീട്ടിലേക്ക് എത്തുകയും, സ്വര്‍ണം എടുത്തതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.








