മുംബൈ: പണപ്പെരുപ്പത്തിൽ കടുത്ത ജാഗ്രത പുലർത്തുന്നതിനാൽ തുടർച്ചയായി അഞ്ചാം തവണയും പോളിസി നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു.
റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായി തീരുമാനിച്ചതായി ദ്വൈമാസ ധനനയം പ്രഖ്യാപിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.സജീവമായി പണപ്പെരുപ്പത്തിനെതിരെ നിലനിൽക്കാനാണ് ധനനയം ലക്‌ഷ്യം വെക്കുന്നത്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കഴിഞ്ഞ സാമ്പത്തിക പാദത്തിലെ മികച്ച പ്രകടനം കാരണം രാജ്യത്തിൻറെ ജി ഡി പി വളർച്ചാ പ്രവചനം ഈ സാമ്പത്തിക വർഷം 6.5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തിയതായി അദ്ദേഹം പറഞ്ഞു.
2023-24 സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.6 ശതമാനം വളർച്ച നേടി, ലോകത്ത് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുന്നു. ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമാണ്.
ശക്തമായ കാർഷിക വിളവെടുപ്പും നിർമ്മാണ മേഖലയിലെ ഉത്പാദന ചിലവിൽ ഉണ്ടായ കുറവും ആഗോള ഡിമാൻഡിലുണ്ടായ വർദ്ധനവും ആണ് സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ പ്രകടനത്തിന് കാരണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു
ഒക്ടോബറിൽ പണപ്പെരുപ്പം 4.87 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് എംപിസി യോഗം നടന്നത്. നവംബറിലെ പണപ്പെരുപ്പ നിരക്ക് അടുത്തയാഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരുവശത്തും 2 ശതമാനം മാർജിനിൽ സിപിഐ പണപ്പെരുപ്പം 4 ശതമാനമായി നിലനിർത്താൻ സർക്കാർ കേന്ദ്ര സർക്കാർ ആർബിഐ യോട് നിർദ്ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ നയപ്രസ്താവന ചർച്ച ചെയ്യുന്നതിനിടെ, പണപ്പെരുപ്പം കുറയുന്നതാണ് റിപ്പോ റേറ്റിൽ തൽസ്ഥിതി തുടരുകയെന്ന നയ നിലപാടിന് കാരണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
Discussion about this post