മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ ഫജറുദ്ദീനെയാണ് (22) കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒൻപതു മാസം കൂടി അധികതടവ് അനുഭവിക്കണം.
എട്ട് വയസ്സുള്ള കുട്ടിയെ ആണ് ഫജറുദ്ദീൻ പീഡിപ്പിച്ചത്. ഇതിൽ രണ്ട് പോക്‌സോ കേസുകളിലായി ഇരുപതുവർഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പീഡന കുറ്റത്തിന് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം സാധാരണ തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ തുക കോടതി ഇരയായ കുട്ടിയ്ക്ക് കൈമാറും.
2021 ഓഗസ്റ്റ് 29നായിരുന്നു സംഭവം. പ്രതിയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു എട്ട് വയസ്സുകാരൻ. രാത്രി ഉറങ്ങുന്നതിനിടെ കുട്ടിയെ ഫജറുദ്ദീൻ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വേങ്ങര പോലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. ഇതിൽ നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
Discussion about this post