സമൂഹമാദ്ധ്യമങ്ങളിലൂടെ മകൾ മാളവികയുടെ വരനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ ജയറാം. “എന്റെ ചക്കിക്കുട്ടന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. എനിക്കിനി മറ്റൊരു മകൻ കൂടിയായി, ഇവർ രണ്ടുപേരും ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ഇരിക്കട്ടെ” എന്ന കുറിപ്പോടെയാണ് ജയറാം മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് മാളവിക ജയറാമിന്റെ ഭാവിവരൻ. നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയാണ് നവനീത് ഗിരീഷ്.
വ്യാഴാഴ്ച കൂർഗിലെ മടിക്കേരിയിൽ വച്ചായിരുന്നു മാളവിക ജയറാമിന്റെയും നവനീത് ഗിരീഷിന്റെയും വിവാഹനിശ്ചയം നടന്നത്. 2024 മെയ് മൂന്നിന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. എന്റെയും അശ്വതിയുടെയും എത്രയോ കാലങ്ങളായുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ജയറാം വിവാഹ നിശ്ചയവേളയിൽ വ്യക്തമാക്കി. സഹോദരൻ കാളിദാസും ഭാവിവധു തരിണിയും ചേർന്നാണ് മാളവികയെ വിവാഹ നിശ്ചയ വേദിയിലേക്ക് ആനയിച്ചിരുന്നത്. ഈ ചിത്രങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരമായിരുന്നു ലഭിച്ചിരുന്നത്.








