വളരെ ചെറിയ വേഷങ്ങളിലായാലും തന്റേതായ അഭിനയ രീതികൊണ്ടു മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ കലാകാരനാണ് നവാസ് വള്ളിക്കുന്ന്. ചെറുതാണെങ്കിൽ പോലും പ്രേക്ഷകർ ഓർത്തു വക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും. നടന്റെ പല കഥാപാത്രങ്ങളും പല മുൻകാല നടന്മാരെയും ഓർമിപ്പിക്കുന്നതാണെന്ന് ആണ് പ്രേക്ഷകരുടെ അഭിപ്രായം. നിരവധി പോസ്റ്റുകളും കമന്റുകളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വന്നിരുന്നു. കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ഇന്നസെന്റ് തുടങ്ങിയ നടന്മാരെ പോലെയാണ് നവാസ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ഇത്തരം അഭിപ്രായങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
മഹാനടൻമാരുടെ പേരിനൊപ്പം എന്റെ പേര് കേൾക്കുമ്പോൾ ശരിക്കും ഉള്ളിലൊരു വല്ലാത്ത പേടിയാണെന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്. തന്റെ പേര് ഈ അതുല്യ കലാകാരൻമാരോട് കൂട്ടിച്ചേർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും താരം പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
എന്നെക്കുറിച്ച് ഇത്തരം അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഞാൻ ജീവിക്കുന്നത് ഒരു സ്വപ്ന ലോകത്താണോ എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്…
ഒരിക്കൽ പോലും, നേരിട്ട് ഒന്ന് കാണാനെങ്കിലും കഴിയാതെ പോയ കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ഇന്നസെന്റ് പിന്നെ ഒരു മുജ്ജൻമ പുണ്യമായി കൂടെ അടുത്തറിയാനും അഭിനയിക്കാനുമായ മാമുക്കോയക്ക എന്നീ മഹാനടൻമാരുടെ പേരിനൊപ്പം എന്റെ പേര് കേൾക്കുമ്പോൾ ശരിക്കും ഉള്ളിലൊരു വല്ലാത്ത പേടിയാ…
എന്തോ ഒരു ഭാഗ്യം കൊണ്ട് ഞാൻ എങ്ങനയോ വന്ന് പെട്ടതാണ് സിനിമയിൽ…
അങ്ങനെയുള്ള ഞാൻ ഈ ജൻമം എങ്ങനെ തന്നെ തകർത്തഭിനയിച്ചാലും ഈ മഹാൻമാരുടെയൊക്കെ അരികിൽ പോലും വരില്ല എന്നെനിക്ക് നന്നായറിയാം, എങ്കിലും എന്നെ സ്നേഹിക്കുന്നവർ ഒരു അംഗീകാരം പോലെ എന്റെ പേര് ഈ അതുല്യ കലാകാരൻമാരോട് കൂട്ടിച്ചേർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…
സിനിമയിൽ തങ്ങളുടെതായ ലോകം തീർത്തു വെച്ച് എനിക്ക് മുമ്പേ പോയ മഹാരഥൻമാർ അവരായി തന്നെ തുടരും,
ഞാൻ ഞാനായും









Discussion about this post