ന്യൂഡൽഹി : ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതായി റിപ്പോർട്ട്. 2022-23 കാലയളവിൽ രാജ്യത്ത് വൈദ്യുതി ഉപഭോഗത്തിൽ 50.8 ശതമാനം വർധനയുണ്ടായതായി കേന്ദ്ര ഊർജ മന്ത്രി ആർകെ സിംഗ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. 2013-14 കാലയളവിൽ പരമാവധി വൈദ്യുതി ആവശ്യം 136 ജിഗാവാട്ട് ആയിരുന്നെങ്കിൽ 2023ൽ ഇത് 243 ജിഗാവാട്ടായി ഉയർന്നുവെന്നും ഊർജ്ജമന്ത്രി അറിയിച്ചു. വ്യവസായിക രംഗത്തും സമ്പദ് വ്യവസ്ഥയിലും ഉണ്ടായ മാറ്റങ്ങളാണ് ഇത്തരത്തിൽ ഊർജ്ജ ഉപഭോഗം വർദ്ധിച്ചതിന് കാരണമെന്നും അദ്ദേഹം അറിയിച്ചു.
ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ വൈദ്യുതി ഉപഭോഗം ഒമ്പത് ശതമാനമാണ് വർദ്ധിച്ചിട്ടുള്ളത്. ഏപ്രിൽ-നവംബർ കാലയളവിൽ രാജ്യത്തെ മൊത്തം വൈദ്യുതി ഉപഭോഗം 1099.90 ബില്യൺ യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയം വൈദ്യുതി ഉപഭോഗം 1010.20 ബില്യൺ യൂണിറ്റായിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ വൈദ്യുതി ഉപഭോഗത്തിൽ 9 ശതമാനം വർദ്ധനയുണ്ടായത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ കുതിച്ചുചാട്ടത്തിന്റെ ഫലമാണെന്ന് കേന്ദ്ര ഊർജ്ജമന്ത്രി വ്യക്തമാക്കി.
അതേസമയം, 2021-22ൽ ഏപ്രിൽ-നവംബർ കാലയളവിൽ മൊത്തം ഊർജ്ജ ഉപഭോഗം 916 ബില്യൺ യൂണിറ്റായിരുന്നു. 2022-23 സാമ്പത്തിക വർഷത്തിലെ മൊത്തം ഊർജ്ജ ഉപഭോഗം 1504.26 ബില്യൺ യൂണിറ്റാണ്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തെ വൈദ്യുതി ഉൽപാദനത്തിന്റെ ശേഷി 194 ജിഗാവാട്ട് വർദ്ധിപ്പിച്ചതായും ആർ കെ സിംഗ് അറിയിച്ചു. അതിനാൽ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയിൽ ബുദ്ധിമുട്ടുകൾ ഒന്നും നിലവിൽ ഇന്ത്യ നേരിടുന്നില്ല എന്നും കേന്ദ്ര ഊർജ്ജമന്ത്രി വ്യക്തമാക്കി.
Discussion about this post