കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ. നവകേരള സദസ്സുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധം ഉണ്ടായത്. മുഖ്യമന്ത്രിയുടെയും എസ്കോർട്ട് വാഹനങ്ങളുടെയും നേരെയാണ് ഷൂ എറിഞ്ഞത്. കറുത്ത ഷൂസാണ് എറിഞ്ഞത്. ഷൂ എറിഞ്ഞ പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശി.
കെഎസ്യു പ്രവർത്തകർ ഷൂ എറിഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചു. നവകേരള സദസ്സിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാനാണു നീക്കമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഷൂ ഏറിലേക്കു പോയാൽ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. കോതമംഗലത്ത് നവകേരള സദസിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്.
അതേസമയം പോലീസ് നരനായാട്ടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്യു നീങ്ങുമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
Discussion about this post