കൊച്ചി:ഹൃയശസ്ത്രക്രിയക്ക് ശേഷം ഹരിനാരായണന്‍ ആശുപത്രി വിട്ടു. കഴിഞ്ഞ മാസം അവസാനമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റി വെച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ഹരിനാരായണനില്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഡോ. ജോസ് ചാക്കോ പെരിയപ്പുറം ആയിരുന്നു.
എന്നാല്‍ ഹരിനാരായണന്റെ സഹോദരന്‍ സൂര്യനാരായണനും ഇതുപോലെ തന്നെ ഹൃദയമാറ്റിവെയ്ക്കല്‍ നടത്തിയിരുന്നു. 2021 ല്‍ ലിസി ആശുപത്രിയില്‍ തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്.രണ്ടുപേര്‍ക്കും ഒരേ രീതിയില്‍ തന്നെയായിരുന്നു തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഹൃദയമേറ്റെടുത്തത്. ഇരുവരുടെയും ചികിത്സയില്‍ സമാനതകളേറെയായിരുന്നു.
ഇന്നലെ ഹരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സമയം അരികത്ത് സഹോദരന്‍ സൂര്യനാരായണനും ഉണ്ടായിരുന്നു. ഇരുവരും സന്തോഷത്താല്‍ കേക്ക് മുറിക്കുകയും ചെയ്തു. അതേസമയം കടുത്ത വേദനക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ വലിയ മനസ്സ് കാണിച്ച സെല്‍വിന്റെ കുടുംബത്തെ മറക്കാന്‍ കഴിയില്ലെന്ന് ഹരിനാരായണന്‍ പറഞ്ഞു.സ്റ്റാഫ് നഴ്‌സായ സെല്‍വിന്‍ ശേഖറിന്റെ ഹൃദയവും, വൃക്ക, പാന്‍ക്രിയാസ് ഉള്‍പ്പടെ ആറ് അവയവങ്ങളാണ് ആറ് വ്യക്തികള്‍ക്ക് പുതുജീവന്‍ നല്‍കിയത്.
ഹൃദയം ക്രമാതീതമായി വികസിപ്പിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ഹരിനാരായണന്. സമാന രക്തഗ്രൂപ്പില്‍പ്പെട്ട സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് ഉറപ്പായതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.ഹൃദയമാറ്റിവെയക്കല്‍ കഴിഞ്ഞ ഹരിയും ജ്യേഷ്ഠന്‍ സൂര്യനാരായണനും ആരോഗ്യവാനുമാണെന്ന് ഡോക്ടര്‍ പറഞ്ഞു. കായംകുളം സ്വദേശികളായ ബിന്ദുവിന്റെയും സതീഷിന്റെയും മക്കളാണ് സൂര്യയും ഹരിയും.
Discussion about this post