പാലക്കാട്: അട്ടപ്പാടി വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കണ്‍മണി എന്ന ആന പുതിയ ജീവിതത്തിലേക്ക്. ഡോക്ടറുടെയും ഫോറസ്റ്റ് ഗാര്‍ഡിന്റെയും സംരക്ഷണത്തിലാണ് കണ്‍മണി പുതുജീവിതത്തിലേക്ക് മടങ്ങിയത്.
ഒക്ടോബറില്‍ അട്ടപ്പാടി മൂച്ചിക്കടവില്‍ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം പ്രായമുള്ള കുട്ടിയാനയെ കിട്ടിയത്. ശരീരമാസകലം മുറിവുമായി കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയാനയെ കൂടുതല്‍ പരിചരണത്തിനായാണ് ധോണി ക്യാമ്പിലെത്തിച്ചത്. ഒക്ടോബര്‍ 31 ന് രാത്രി ധോണിയിലെത്തിക്കുമ്പോള്‍ എത്ര ദിവസം ജീവിക്കുമെന്നു പോലും സംശയമായിരുന്നു. ആ രാത്രി തന്നെയാണ് PT 7 ന്റെ പാപ്പാന്‍ മാധവന്റെ അമ്മ ശാന്തി മകനെ കാണാന്‍ ധോണിയിലെത്തിയത്. അന്ന് ഏറ്റെടുത്തതാണ് ശാന്തി കുട്ടിയാനയുടെ പരിചരണം. കണ്‍മണി എന്ന് നീട്ടി വിളിച്ചാല്‍ കുട്ടിയാന ഓടിയെത്തും. ജനിച്ച് ആഴ്ചകള്‍ക്കകം അമ്മയില്‍ നിന്നകന്ന കണ്‍മണിയ്ക്ക് ഇന്ന് ശാന്തി പോറ്റമ്മയായി.
ആന ഇപ്പോള്‍ വെറ്റിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാം ,അറ്റന്‍ഡര്‍ ശാന്തി ,ഫോറസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംരക്ഷണത്തിലാണ് . പുലര്‍ച്ചെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി 11 മണി വരെ ആനക്കുട്ടി ശാന്തിയുടെ സംരക്ഷണത്തിലാണ്. ഒരു ദിവസം 20 ലിറ്റര്‍ പാലെങ്കിലും കണ്‍മണി ഇപ്പോള്‍ കുടിക്കും.നേരത്തെ അരലിറ്റര്‍ പാലാണ് കുടിച്ചിരുന്നത്. ആനയുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിച്ചുവരുകയാണെന്നും വനംവകുപ്പ് പറഞ്ഞു.
Discussion about this post