ബെംഗളൂരു: തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. സംസ്ഥാനത്തെ പോലീസുമായി ചേർന്ന് നടത്തുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. വിവിധ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വസതികളിലാണ് പരിശോധന നടത്തുന്നത്.
ഈ മാസം ആദ്യം മഹാരാഷ്ട്രയിലെയും കർണാടകയിലെയും വിവിധ സ്ഥലങ്ങളിൽ എൻഐഎ നടത്തിയ പരിശോധനയിൽ ഭീകര സംഘടനകളുമായി ബന്ധമുള്ള പതിനഞ്ചോളം പേരെ പിടികൂടിയിരുന്നു. ഇരു സംസ്ഥാനങ്ങളിലുമായി 44 ഓളം സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
റെയ്ഡിൽ കണക്കിൽ പെടാത്ത പണം, തോക്കുകൾ, ആയുധങ്ങൾ, നിയമ വിരുദ്ധ രേഖകൾ, ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു. പദ്ഘ-ബോരിവാലി കേന്ദ്രമാക്കിയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള മുഴുവൻ ഭീകരവാദ പ്രവർത്തനങ്ങളും നടക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ അറിയിച്ചു. ജിഹാദ്, ഖിലാഫത്ത്, ഐഎസ്ഐഎസ് എന്നിവരുടെ പാത പിന്തുടർന്ന് ഇന്ത്യയുടെ സമാധാനവും മതപരമായ സൗഹാർദവും തകർക്കുന്നതിനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.
ഭീകരർക്കും അതിന് ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്നവരെയും ലക്ഷ്യമിട്ട് വ്യാപക പരിശോധനകളാണ് എൻഐഎ നടത്തുന്നത്.
Discussion about this post