ന്യൂഡൽഹി: ആത്മനിർഭരതയിലൂന്നിയ പ്രതിരോധത്തിൽ ഒരു പടികൂടി കടന്ന് ഇന്ത്യ. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനമായ ഘാതക് ഡ്രോൺ വിജയകരമായി പരീക്ഷണ പറക്കൽ നടത്തി.കർണാടകയിലെ ചിത്രദുർഗയിൽ വച്ചാണ് ആളില്ലാ വിമാനത്തിന്റെ പരീക്ഷണ പറക്കൽ നടത്തിയത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച ഓട്ടോണമസ് ഫ്‌ളൈയിംഗ് വിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഘാതക് കോംബാറ്റ് ഡ്രോണിൽ ഉപയോഗിച്ചിരിക്കുന്നത്. വിമാനത്തെ മുഴുവനായി ആവരണം ചെയ്യുന്ന ചിറകുകൾ ഘടിപ്പിച്ച് പറക്കുന്ന സാങ്കേതിക വിദ്യയാണ് ഫ്‌ളൈ വിംഗ്. മുന്നിലും പിന്നിലും ചിറകുകളുള്ള മറ്റ് വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഈ രീതിയിലൂടെ വിമാനത്തിന്റെ കൺട്രോളിംഗ് എളുപ്പത്തിലാകുന്നു. വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമാണ് ഈ ീതിയിലുള്ള സാങ്കേതിക വിദ്യ സ്വന്തമായിട്ടുള്ളത്. ആ നിരയിലേക്കാണ് ഇന്ത്യ അതിവേഗം എത്തിയിരിക്കുന്നത്.
നൂതനമായ ഡിസൈനും മെറ്റീരിയലുകളുമാണ് ഈ ഓട്ടോണമസ് സ്‌റ്റെൽത്ത് കോംബാക്ട് ഡ്രോണിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രോട്ടോടൈപ്പ് എയർക്രാഫ്റ്റിന് സങ്കീർണ്ണമായ ആരോഹെഡ് വിംഗ് ഡിസൈൻ ഉണ്ട്, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ കാർബൺ പ്രീപ്രെഗ് കോമ്പോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഗ്രൗണ്ട് റഡാറുകൾ, ഇൻഫ്രാസ്ട്രക്ചർ, പൈലറ്റ് എന്നിവയെ ആശ്രയിക്കാതെ സ്വയമേവ ലാൻഡ് ചെയ്യാനുള്ള കഴിവാണ് ഈ യുഎവിയുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ഈ സാങ്കേതിക വൈദഗ്ദ്ധ്യം ആളില്ലാ വ്യോമ സംവിധാനങ്ങളിലെ ഇന്ത്യയുടെ പുരോഗതിയുടെ തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
2022 ജൂലൈയിലാണ്് വിമാനത്തിന്റെ പരീക്ഷണം ആദ്യമായി നടത്തിയത്. തുടർന്ന് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആറോളം വിമാനങ്ങളുടെ പരീക്ഷണ പറക്കലും രാജ്യത്ത് നടന്നിരുന്നു.
Discussion about this post