ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ശരിവെച്ച സുപ്രീം കോടതിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. അത് സുപ്രീംകോടതി വിധി മാത്രമാണ് അല്ലാതെ ദൈവത്തിന്റെ വിധിയല്ല എന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന മെഹബൂബ അഭിപ്രായപ്പെട്ടു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടം തങ്ങളുടെ പാർട്ടിയായ പിഡിപി തുടരുമെന്നും മെഹബൂബ മുഫ്തി വ്യക്തമാക്കി. “സുപ്രീം കോടതി ദൈവമല്ല. ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്യാൻ കഴിയില്ലെന്ന് ഇതേ സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. അവരും പഠിച്ച ജഡ്ജിമാരായിരുന്നു. ഇന്ന് മറ്റ് ചില ജഡ്ജിമാർ മറിച്ച് ഒരു വിധി പുറപ്പെടുവിച്ചു. ഞങ്ങൾക്ക് അതിനെ ദൈവത്തിന്റെ വിധിയായി കണക്കാക്കാനാവില്ല” എന്നും മെഹബൂബ വ്യക്തമാക്കി.
പ്രതീക്ഷ കൈവിടില്ലെന്നും ഇക്കാര്യത്തിൽ പോരാട്ടം തുടരുമെന്നും മെഹബൂബ മുഫ്തി അറിയിച്ചു. “നമുക്ക് പ്രതീക്ഷ നഷ്ടപ്പെടേണ്ടതില്ല. ജമ്മു കശ്മീരിലെ ജനങ്ങൾ വർഷങ്ങളോളം സമരം ചെയ്തു. അതിൽ ഞങ്ങൾക്ക് നഷ്ടം നേരിട്ടു. ഞങ്ങൾ പ്രതീക്ഷ നഷ്ടപ്പെട്ട് പരാജയം ഏറ്റുവാങ്ങി വീട്ടിൽ ഇരിക്കണമെന്നാണ് അവരുടെ ആവശ്യം. അത് സംഭവിക്കില്ല” എന്നും മെഹബൂബ മുഫ്തി വ്യക്തമാക്കി.








