ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനക്കേസ് അന്വേഷിക്കാൻ ആറ് സംസ്ഥാനങ്ങളിലായി ഡൽഹി പോലീസ് പ്രത്യേക സെല്ലിന്റെ സംഘങ്ങൾ. രാജസ്ഥാൻ, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായാണ് പ്രത്യേക സെല്ലിനെ നിയോഗിച്ചിരിക്കുന്നത്.
ഇതിന് പുറമെ, 50 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പ്രതികളുടെ ഡിജിറ്റൽ, ബാങ്ക് വിവരങ്ങളും പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്. ഓരോ പ്രതികളുടെയും അന്വേഷണ ചുമതല ഓരോ സംഘത്തിനാണ്. പ്രതികളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഈ പ്രത്യേക സംഘങ്ങൾ ആറ് സംസ്ഥാനങ്ങളിലും കൊണ്ടുപോകും.
പ്രതികളിലൊരാളായ സാഗർ ശർമ്മയെക്കുറിച്ച് അന്വേഷിക്കുന്നത് സതേൺ റേഞ്ചിലെ പ്രത്യേക സെൽ സാകേതിന്റെ സംഘമാണ്. പാർലമെന്റ് സുരക്ഷാ ലംഘനത്തിന്റെ മുഖ്യ സൂത്രധാരൻ ലളിത് ഝായെ സൗത്ത് വെസ്റ്റേൺ റേഞ്ചിലെ ജനക്പുരി പ്രത്യേക സെൽ ടീമിന് കൈമാറി. മറ്റൊരു പ്രതിയായ മനോരഞ്ജൻ ഡിയെ ന്യൂ ഡൽഹി റേഞ്ചിലെ ലോധി റോഡിലെ പ്രത്യേക സെല്ലിന് കൈമാറി. നീലം ദേവിയുടെ മുഴുവൻ അന്വേഷണവും കൈകാര്യം ചെയ്യുന്നത് ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ പ്രത്യേക സെൽ ടീമാണ്. എല്ലാ പ്രതികളെയും ശനിയാഴ്ചയാണ് പ്രത്യേക സെല്ലിന്റെ വിവിധ യൂണിറ്റുകൾക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ നാഗൗറിൽ നിന്നും പ്രതികളുടെ കത്തിക്കരിഞ്ഞ മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കണ്ടെടുത്തിരിന്നു. സ്പെഷ്യൽ സെല്ലിന്റെ അന്വേഷണത്തിന് ശേഷം കൂടുതൽ അന്വേഷണത്തിനായി പ്രതികളെ എൻഎഫ്സി സ്പെഷ്യൽ സെൽ സംഘത്തിന് കൈമാറുമെന്ന് ഉന്നത അധികൃതർ അറിയിച്ചു.
Discussion about this post