ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനക്കേസിൽ പ്രതികളുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്. ആറ് പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാനായി ഗൂഗിൾ പേ, പേ ടിഎം എന്നിവയിൽ നിന്നും പോലീസ് വിവരങ്ങൾ തേടി.
ഇതോടൊപ്പം, പ്രതികളുടെ സാമൂഹ്യ മാദ്ധ്യമങ്ങളുടെ വിവരങ്ങളും ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യപ്പെട്ട ‘ഭഗത് സിംഗ് ഫാൻ ക്ലബ്’ എന്ന പേജിനെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കാനുള്ള നടപടികൾ ഡൽഹി പോലീസ് തുടങ്ങിയിട്ടുണ്ട്. ഇതിനായി ഡൽഹി പോലീസ് കൗണ്ടർ ഇന്റലിജൻസ് യൂണിറ്റ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ കൈകാര്യം ചെയ്യുന്ന മെറ്റ കമ്പനിക്ക് കത്തയച്ചു.
പ്രതികളുടെ ഫോണുകൾ നശിപ്പിച്ച സാഹചര്യത്തിലാണ് നടപടി. ഇതിനോടൊപ്പം, പ്രതികളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളും മെറ്റയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ്’ എന്ന പേരിൽ ആളുകൾ ചേർന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പാണ് ഡിസംബർ 13 ലെ പാർലമെന്റ് സുരക്ഷാ ലംഘനത്തിന് ഗൂഢാലോചന നടത്തിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
കേസന്വേഷണത്തിന് ആറ് സംസ്ഥാനങ്ങളിലായി ഡൽഹി പോലീസ് പ്രത്യേക സെല്ലിന്റെ സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. രാജസ്ഥാൻ, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായാണ് പ്രത്യേക സെല്ലിനെ നിയോഗിച്ചിരിക്കുന്നത്. ഓരോ പ്രതികളുടെയും അന്വേഷണ ചുമതല ഓരോ സംഘത്തിനാണ്. പ്രതികളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഈ പ്രത്യേക സംഘങ്ങൾ ആറ് സംസ്ഥാനങ്ങളിലും കൊണ്ടുപോകും.
Discussion about this post