ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തെ തുടർന്ന് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്.
ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ കർശനമായ വാഹന പരിശോധന തുടരുകയാണ്. ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെ രജൗരി – പൂഞ്ച് ജില്ലകളുടെ അതിർത്തി മേഖലയിലുൾപ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനികർ സഞ്ചരിച്ച ജിപ്സിയും മിനി ട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.
ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിൻറെ ആസ്ഥാനത്തുനിന്നും ദേര കി ഗലിയിൽ ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം.








