ന്യൂഡൽഹി: 2024 ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്കുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച്ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ വിശിഷ്ടാതിഥിയാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേൽ മക്രോൺ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ക്ഷണത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇമ്മാനുവൽ മക്രോൺ സമൂഹ മാദ്ധമത്തിൽ കുറിപ്പ് പങ്കുവെച്ചു.റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായി തന്നെ ക്ഷണിച്ചതിൽ നന്ദിയെന്ന് പറഞ്ഞ ഇമ്മാനുവൽ, പ്രധാനമന്ത്രിയെ പ്രിയ സുഹൃത്തെന്ന് അഭിസംബോധന ചെയ്താണ് ക്ഷണം സ്വീകരിച്ചതായി അറിയിച്ചത്. ഇന്ത്യയിലെത്തി ആഘോഷത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, 75-ാം റിപ്പബ്ലിക്ക് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു മുഖ്യാതിഥിയായി കേന്ദ്രം ക്ഷണിച്ചിരുന്നത്. തിരഞ്ഞെടുപ്പ് അടുക്കവെ ജനുവരിയിൽ രാജ്യത്ത് എത്താനുള്ള അസൗകര്യം ചൂണ്ടിക്കാണിച്ചായിരുന്നു ബൈഡൻ പിന്മാറിയത്.
അതേസമയം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് ഇമ്മാനുവൽ മാക്രോൺ. മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിരാക് 1976ലും 1998ലും മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. മുൻ പ്രസിഡന്റുമാരായ വലേറി ജിസ്‌കാർഡ് ഡി എസ്റ്റേറ്റിങ്, നിക്കോളസ് സർകോസി, ഫ്രാങ്കോയിസ് ഓലൻഡ് തുടങ്ങിയവർ യഥാക്രമം 1980, 2008, 2016 വർഷങ്ങളിൽ മുഖ്യാതിഥിയായെത്തി.ഈ വർഷം ജൂലൈയിൽ നടന്ന ഫ്രഞ്ച് ദേശീയ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി.
Discussion about this post