തിരുവനന്തപുരം; ബിജെപിയിൽ ചേർന്ന നടനും സംവിധായകനുമായ മേജർ രവിയെ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു. കണ്ണൂരിലെ കോൺഗ്രസ് നേതാവായിരുന്ന സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവരെയും നാമനിർദ്ദേശം ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തി പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയെ സന്ദർശിച്ച ശേഷം ഇരുവരും ബിജെപിയിൽ ചേർന്നത്. ദേശസുരക്ഷയും രാഷ്ട്രീയവുമായും ബന്ധപ്പെട്ട പല വിഷയങ്ങളിലും ദേശീയതയോട് ചേർന്നുനിൽക്കുന്ന മേജർ രവിയുടെ അഭിപ്രായങ്ങൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നേതാവാണ് സി രഘുനാഥ്. പാർട്ടിയിൽ നിരന്തരം തഴയപ്പെടുന്ന സാഹചര്യത്തിലാണ് ബിജെപിയിലേക്ക് എത്തിയതെന്ന് സു രഘുനാഥ് വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധമായിരുന്നു രഘുനാഥിന് ഉണ്ടായിരുന്നത്.
കെ സുധാകരന്റെ അടുത്ത അനുയായി കൂടിയായിരുന്നു. മാസങ്ങളായി കോൺഗ്രസ് പരിപാടികളിൽ നിന്ന് വിട്ടുനിന്ന രഘുനാഥ് ഈ മാസം ആദ്യം പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.
Discussion about this post