കോഴിക്കോട് : രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പോകണോ വേണ്ടയോ എന്നുള്ള കാര്യം രാഷ്ട്രീയ പാർട്ടികൾ സ്വയം തീരുമാനിക്കണമെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. ക്ഷേത്ര ഉദ്ഘാടനത്തിന് സമസ്തയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോ എന്ന കാര്യം ക്ഷണം കിട്ടിയവർ തീരുമാനിക്കട്ടെ എന്നും ജിഫ്രി മുത്തുകോയ തങ്ങൾ വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോ എന്നുള്ളതുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തിൽ വന്ന മുഖപ്രസംഗത്തെ ജിഫ്രി മുത്തുകോയ തങ്ങൾ വിമർശിച്ചു. സമസ്തയുടെ അഭിപ്രായം പറയേണ്ടത് സുപ്രഭാതം പത്രമല്ല. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാടല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
” ക്ഷണം ലഭിച്ച രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയമാണ്. ആര് എവിടെ പോയാലും മുസ്ലീം വിശ്വാസം വ്രണപ്പെടില്ല. സമസ്തയുടെ നയം പറയേണ്ടത് സമസ്തയാണ് അല്ലാതെ സുപ്രഭാതം പത്രം അല്ല” എന്നും ജിഫ്രി മുത്തുകോയ തങ്ങൾ വ്യക്തമാക്കി. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.








