കശ്മീര്‍: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തു. കശ്മീരിലും പാകിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന 13 ഭീകരസംഘടനകളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍.
ഹൈവെ സ്‌ക്വാഡ് എന്ന ചാവേര്‍ സംഘമാണ് ആക്രമണം നടത്തിയതെന്ന് സംഘടന വ്യക്തമാക്കി. കശ്മീരിലെ ഒരു മാധ്യമ സ്ഥാപനത്തിലേക്ക് വിളിച്ചാണ് സംഘടന ഉത്തരവാദിത്വമേറ്റെടുത്തത്.
കാശ്മീരിലെ തീവ്രവാദികള്‍ക്ക് അതിസുരക്ഷയുള്ള ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കടന്നു കയറാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നാണ് പത്താന്‍കോട്ടിലെ ആക്രമണം തെളിയിക്കുന്നതെന്ന് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ വക്താവ് ഹുസൈന്‍ പറഞ്ഞു.
പാകിസ്ഥാനെ കുറിച്ചുള്ള പേടി കൊണ്ട് ഇന്ത്യയിലെ സര്‍ക്കാരും മാധ്യമങ്ങളും കഷ്ടപ്പെടുകയാണ്. ഇന്ത്യയിലുണ്ടാവുന്ന എല്ലാ ആക്രമണങ്ങള്‍ക്കും പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയ്ക്ക് കശ്മീരിലെ സ്വാതന്ത്ര്യ സമരത്തെ മോശമാക്കി കാണിക്കാന്‍ കഴിയില്ല. മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ ഭാവിയില്‍ അവര്‍ക്ക് യാതൊരു നേട്ടവും ഉണ്ടാവാന്‍ പോവുന്നില്ല.
കശ്മീരിലെ തീവ്രവാദികള്‍ കഴിഞ്ഞ 27 വര്‍ഷമായി ഇന്ത്യന്‍ സേനയ്‌ക്കെതിരായി പോരാടുന്നു. ഇക്കാലമത്രയും കാശ്മീര്‍ മോചന പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ എല്ലാ വഴികളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. പാകിസ്ഥാനെ പഴി ചാരുന്നതിന് പകരം ഇന്ത്യ ചുവരെഴുത്ത് മനസിലാക്കണം. കാശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ വിധി നിര്‍ണയിക്കാനുള്ള അവസരം ഇന്ത്യ നല്‍കണമെന്നും ഹുസൈന്‍ പ്രസ്താവനയില്‍ പറയുന്നു.
അതേ സമയം ആക്രമണം നടത്തിയ മുഴുവന്‍ ഭീകരരെയും സൈന്യം വധിച്ചതായി റിപ്പരോര്‍ട്ടുണ്ട്. അവശേഷിച്ച രണ്ട് ഭീകരരെ വധിച്ചെന്നാണ് സൂചന.
Discussion about this post