അയോദ്ധ്യ: പ്രാണപ്രതിഷ്ഠക്കുള്ള ശ്രീരാമ വിഗ്രഹത്തിന്റെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷം, വിഗ്രഹം നിർമ്മിച്ച ശില്പിയുടെ പേര് വെളിപ്പെടുത്തി കേന്ദ്ര സർക്കാർ. കർണാടകയിലെ പ്രശസ്ത ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത വിഗ്രഹമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ജനലക്ഷങ്ങളാൽ ആരാധിക്കപ്പെടാൻ പോകുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് തിങ്കളാഴ്ച വ്യക്തമാക്കിയത്.
യോഗിരാജ് രാമന്റെ വിഗ്രഹത്തിനൊപ്പം നിൽക്കുന്ന ചിത്രവും മന്ത്രി പങ്കുവച്ചു.
ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ മഹാഭിഷേക ചടങ്ങുകൾ.
കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിച്ചു, ശിൽപി അരുൺ യോഗിരാജിനെ അഭിനന്ദിക്കുകയും രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ ശ്രീരാമന്റെ വിഗ്രഹം തിരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
വെള്ളിയാഴ്ച നടന്ന രാമ ജന്മ ഭൂമി ട്രസ്റ്റിന്റെ യോഗത്തിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹൻ പ്രതാപ് മിശ്ര വിഗ്രഹം തിരഞ്ഞെടുക്കൽ നടപടികൾ പൂർത്തിയായതായി സ്ഥിരീകരിച്ചിരുന്നു.
തിരഞ്ഞെടുക്കൽ പ്രക്രിയ വിശദീകരിച്ചുകൊണ്ട്, മിശ്ര അരുൺ യോഗിരാജ് നിർമ്മിച്ച വിഗ്രഹത്തിന്റെ ആകർഷകമായ സ്വഭാവം വിശദീകരിക്കുകയുണ്ടായി. ഈ വിഗ്രഹം നിങ്ങളോട് സംസാരിക്കും, നേരിട്ട് കാണുമ്പോൾ ഈ വിഗ്രഹത്തിന്റെ ചാരുതയിൽ നിങ്ങൾ തീർച്ചയായും മയങ്ങിപ്പോകും. ഒന്നിലധികം വിഗ്രഹങ്ങൾ ഒരുമിച്ച് വച്ചാലും, നിങ്ങളുടെ കണ്ണുകൾ ഈ വിഗ്രഹത്തിൽ മാത്രം പതിഞ്ഞിരിക്കും അദ്ദേഹം പറഞ്ഞു.
Discussion about this post