കൊച്ചി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സൈനിക കേന്ദ്രങ്ങളിലും കനത്ത സുരക്ഷയ്ക്കു നിര്‍ദേശം. കൂടുതല്‍ സേനയെ വിന്യസിക്കുന്നത് അടക്കമുള്ള നടപടികളാണ് മൂന്നു സേനാവിഭാഗങ്ങളുടെയും കേന്ദ്രങ്ങളില്‍ നടപ്പാക്കിയത്.
ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തും ഏഴിമല നാവിക അക്കാദമിയിലും നേരത്തെതന്നെ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
നാവികസേനാ ആസ്ഥാനത്തും അക്കാദമിയിലും വിവിധ ജോലികള്‍ക്കെത്തുന്ന തൊഴിലാളികളെയും നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. പൊലീസ് വെരിഫിക്കേഷന് അടക്കം പൂര്‍ത്തിയാക്കിയവരെ മാത്രമേ കൊച്ചി നേവല്‍ ബേസിനുള്ളില്‍ പ്രവേശിപ്പിക്കൂ.
സന്ദര്‍ശകരെ നിരീക്ഷിക്കാനും സന്ദര്‍ശനസമയം നീട്ടേണ്ടെന്നും തീരുമാനിച്ചിരുന്നു. ഇപ്പോള്‍ പകല്‍ ഒന്‍പതിനും അഞ്ചിനും ഇടയിലാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. അ!ഞ്ചിനുശേഷം എത്തുന്നവര്‍ക്കു പാസ് നല്‍കേണ്ടെന്ന തീരുമാനം കര്‍ശനമായി നടപ്പാക്കുന്നുണ്ട്.
ഒരുവര്‍ഷം മുന്‍പ് ചെന്നൈയില്‍ പിടിയിലായ കൊളംബോയിലെ പാക്കിസ്ഥാന് എംബസി ഉദ്യോഗസ്ഥന്റെ കൈവശം കൊച്ചി നാവികസേനാ ആസ്ഥാനത്തിന്റെ ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ ഇയാളില്‍ നിന്നു പിടിച്ചെടുത്തതു മുതല്‍ ജാഗ്രതാനിര്‍ദേശവും നല്‍കിയിരുന്നു.
Discussion about this post