ശബരിമല: ശബരിമല സന്നിധാനം നിരീക്ഷിക്കാന്‍ ആകാശ ക്യാമറ. രാവും പകലും 200 മീറ്റര്‍ ഉയരത്തില്‍ പറന്ന് ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന ക്യാമറ സുരക്ഷയ്ക്കുള്ള ആര്.എ.എഫാണ് എത്തിച്ചത്. ഇതിന്റെ പരീക്ഷണപറപ്പിക്കലിനെത്തിയ പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ.അരുള്‍ ആര്.ബി.കൃഷ്ണ ശബരിമലയിലെ സുരക്ഷയ്ക്ക് കൂടുതല്‍ പോലീസ് ഇനിയും എത്തുമെന്ന് അറിയിച്ചു.
ജാര്‍ഖണ്ഡ് സി.ആര്.പി.എഫിലെ കോബ്രാ ഡിവിഷനാണ് ക്യാമറ എത്തിച്ചത്. ഉയരത്തിലേക്ക് പറക്കുന്ന യു.എ.വി. (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) എന്നറിയപ്പെടുന്ന സംവിധാനത്തില്‍ രണ്ട് ക്യാമറയാണ് ഇപ്പോഴുള്ളതെങ്കിലും ഇനിയും കൂടുതല്‍ ഘടിപ്പിക്കാനാവുമെന്ന് ആര്.എ.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് മധു ജി.നായര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് സന്നിധാനത്തെ ആദ്യപറക്കലില് ശബരിമലയുടെ കാഴ്ച മുഴുവന്‍ പകര്‍ത്തി. തന്ത്രപ്രധാനമായ മേഖലയില്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും അതുവഴി സുരക്ഷാക്രമീകരണം ശക്തമാക്കാനുമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറ്ററിയുടെ ഊര്‍ജത്തില്‍ പ്രവര്‍ത്തിച്ച് ഒരു കിലോമീറ്ററിലേറെ ചുറ്റളവിവുള്ള ദൃശ്യങ്ങള്‍ ലാപ്പിലേക്ക് നല്‍കും.ചിത്രങ്ങള്‍ അവശ്യാനുസരണം ചെറുതോ വലുതോ ആക്കാം.
ഒരു പറക്കലില്‍ 25 മിനുട്ട് തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. ആദ്യ ബാറ്ററിയുടെ ചാര്‍ജ് തീര്ന്നാല്അടുത്തത് പ്രവര്‍ത്തിച്ചുതുടങ്ങും. അതും തീര്‍ന്നാല്‍ പറപ്പിച്ചിടത്തുതന്നെ തിരിച്ചിറങ്ങും. മുംബൈ ഐ.ഐ.ടി. വികസിപ്പിച്ചെടുത്ത യു.എ.വി. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ സി.ആര്.പി.എഫ്. സുരക്ഷയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
.
Discussion about this post