കുമ്പള: സി.പി.എമ്മിന് യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ടതായും കാപട്യത്തില്‍ പൊതിഞ്ഞ ആദര്‍ശമാണ് അവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മുമായി ചര്‍ച്ചയാകാമെന്ന് ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗതും ആര്.എസ്.എസുമായി ചര്‍ച്ചയാകാമെന്ന് പിണറായി വിജയനും പറഞ്ഞത് പരാമര്‍ശിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ആര്.എസ്.എസിന്റെയും പിണറായിയുടെയും നയത്തില്‍ വന്നിട്ടുള്ള മാറ്റം സമാധാനത്തിനാണെന്നില്‍ കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നു. മറിച്ച് അതിന്റെ മറവില്‍ വോട്ട് തട്ടാനാണ് പദ്ധതിയെങ്കില്‍ ജനങ്ങള്‍ രണ്ട് കാലുകൊണ്ടും ചവിട്ടി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പത്താന് കോട്ടിലെ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ശബ്ദം ദുര്‍ബലമാണ്. ഈ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തിക്കാന്‍ മോദിക്ക് കഴിയുന്നില്ല. മോദിയില്‍ വിശ്വാസമര്‍പ്പിച്ച് അധികാരത്തിലേറ്റിയവര്‍ ഇന്ന് നിരാശരാണ്. എങ്ങും അസഹിഷ്ണത മാത്രമാണ്. ബി.ജെ.പിക്കെതിരെ പ്രതികരിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുലിനെയും കള്ളക്കേസില്‍ കുടുക്കി പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നു-അദ്ദേഹം പറഞ്ഞു.
അതേ സമയം യോഗാഭ്യാസം കൊണ്ടും ധ്യാനം കൊണ്ടും സി.പി.എം രക്ഷപ്പെടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആര്.എസ്.എസും സി.പി.എമ്മും ആണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം നടത്തുന്നത്. അതുകൊണ്ട് അവര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത് നല്ലതാണ്.
ഒരു കക്ഷിയും യു.ഡി.എഫ് വിട്ടുപോകില്ല. സി.പി.എമ്മിന് ദിശാബോധം നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവര്‍ യു.ഡി.എഫ് ഘടകകക്ഷികളെ മാടിവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post