ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. വെള്ളപ്പൊക്കമുണ്ടായ തമിഴ്നാട്ടിലെ പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഉദയനിധി പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ചു. വ്യാഴാഴ്ച ഡൽഹിയിലെ വസതിയിൽ എത്തിയായിരുന്നു ഉദയനിധി പ്രധാനമന്ത്രിയെ കണ്ടത്.
സഹായമഭ്യർത്ഥിച്ച വിവരം ട്വിറ്ററിലൂടെ ഉദയനിധി തന്നെയാണ് പങ്കുവച്ചത്. പ്രധാനമന്ത്രിയ്ക്കൊപ്പമുള്ള ചിത്രവും മന്ത്രി പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി ഉദയനിധി ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ ആവശ്യമായ ഫണ്ട് നൽകാൻ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായവും നൽകാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയത് ആയും ഉദയനിധി പറഞ്ഞു.
കായിക മന്ത്രിയായ ഉദയനിധി ഈ മാസം 19 ന് ചെന്നൈയിൽ നടത്തുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചു. 2023 ലെ വിവിധ കായിക മത്സരങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പുസ്തകം പ്രധാനമന്ത്രിയ്ക്ക് കൈമാറുകയും ചെയ്തു.
Discussion about this post