ലക്നൗ: അയോദ്ധ്യ രാമ ജന്മഭൂമിയിൽ പരശുരാമന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ഉത്തർപ്രദേശ് മന്ത്രിയും രാഷ്ട്രീയ പരശുരാമ പരിഷത്തിന്റെ രക്ഷാധികാരിയുമായ പണ്ഡിറ്റ് സുനിൽ ഭർള. ശ്രീരാമന്റെ മഹത്തായ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് ഈ ദൗത്യം പൂർത്തിയായതെന്നും അദ്ദേഹം കത്തിൽ പറയുന്നു. ഈ ദൗത്യം പൂർത്തിയായതിൽ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
ശ്രീരാമ ജന്മഭൂമിയിൽ നിർമിക്കപ്പെട്ട ശ്രീരാമന്റെ മഹത്തായ ക്ഷേത്രം ലോകത്തെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികളിൽ അതിയായ സന്തോഷം നിറച്ചിരിക്കുന്നു. ഇതിൽ എല്ലാവരും അഭിമാനം കൊള്ളണം. നീണ്ട 500 വർഷത്തെ പോരാട്ടത്തിനൊടുവിൽ നിങ്ങളുടെ പുണ്യത്താൽ ആണ് ഇത് സാധ്യമായത്. ഈ അവസരത്തിൽ, ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പേരിൽ താങ്കളെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മന്ത്രി പണ്ഡിറ്റ് സുനിൽ ഭർള പറയുന്നു.
ഏകദേശം 70 ഏക്കറിൽ പരന്നുകിടക്കുന്ന ഒരു വലിയ മുറ്റത്ത് ശ്രീരാമന്റെ മഹത്തായതും ദിവ്യവുമായ ഒരു ക്ഷേത്രം നിർമ്മിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനുമായുള്ള ഭഗവാൻ ശ്രീരാമന്റെയും ഇളയ സഹോദരൻ ലക്ഷ്മണന്റെയും സംഭാഷണം രാമായണത്തിലെ വളരെ രസകരവും പ്രചോദനാത്മകവുമായ ഒരു സംഭവമാണ്. അതിന്റെ വിവരണം രാമചരിതമാനസിലും വാല്മീകി രാമായണത്തിലും ഉൾപ്പെടെയുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
ഈ ഭാഗം വ്യക്തമാക്കിക്കൊണ്ടുള്ള പ്രതിമകൾ ക്ഷേത്രാങ്കണത്തിന്റെ ഏതെങ്കിലും ഭാഗത്ത് സ്ഥാപിക്കണം. ഇത് ക്ഷേത്രത്തിന്റെ ഭംഗി വർദ്ധിപ്പിക്കുക മാത്രമല്ല, രാമന്റെ കാലത്തെ മറ്റ് മഹാന്മാരിൽ നിന്നും പൊതുജനങ്ങൾക്ക് പ്രചോദനം ഉൾക്കൊള്ളാനുമാകും. ഇതിന് രാഷ്ട്രീയ പരശുരാമ പരിഷത്ത് അംഗങ്ങൾ താങ്കളോട് വളരെ നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post