ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കശ്മീരിൽ എത്തുന്നത്. അടുത്ത ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ കശ്മീർ സന്ദർശനം.
കഴിഞ്ഞ ആഴ്ച പൂഞ്ചിൽ ഭീകരാക്രമണം ഉണ്ടാകുകയും നാല് സൈനികർ വീരമൃത്യുവരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ കശ്മീരിൽ എത്തുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്താണ് അദ്ദേഹം സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയുക. ഭീകര വിരുദ്ധ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തും. സൈനിക പോസ്റ്റുകളും ചില പ്രദേശങ്ങളും അദ്ദേഹം സന്ദർശിക്കും.
ഇതിന് ശേഷം അമിത് ഷാ കശ്മീരിലെ ബിജെപി നേതാക്കളെ കാണും. നേതാക്കന്മാരുടെ യോഗം വിളിച്ചു ചേർക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അമിത് ഷാ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Discussion about this post