ന്യൂഡൽഹി : കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി സിപിഎം നേതാവ് കെ കെ രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടവിരുദ്ധമായി അല്ലെന്ന് കണ്ണൂർ സർവ്വകലാശാല. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കണ്ണൂർ സർവ്വകലാശാല നിലപാട് വ്യക്തമാക്കിയത്. തിങ്കളാഴ്ച സുപ്രീംകോടതി ഈ കേസ് പരിഗണിക്കാൻ ഇരിക്കവേയാണ് കണ്ണൂർ സർവ്വകലാശാല സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിച്ചതിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രിയാ വർഗീസ് സ്റ്റുഡന്റ് ഡീനായി പ്രവർത്തിച്ച കാലയളവ് യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും കണ്ണൂർ സർവ്വകലാശാല വ്യക്തമാക്കുന്നു.
സർവകലാശാല എഫ് ഡി പി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയമായി കണക്കാക്കാമെന്നാണ് കണ്ണൂർ സർവ്വകലാശാല പ്രിയ വർഗീസിന്റെ നിയമനത്തെ കുറിച്ച് വാദിക്കുന്നത്. യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നും കണ്ണൂർ സർവ്വകലാശാല സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിക്കുന്നു.
Discussion about this post