ന്യൂഡൽഹി: അവിഹിത ബന്ധങ്ങൾ നിയമവിരുദ്ധം അല്ലെങ്കിലും, ഒരു വിവാഹം നിലനിൽക്കെ അതിന്റെ കെട്ടുറപ്പിനും മൂല്യങ്ങൾക്കും ഒരു വിലയും കൽപ്പിക്കാതെ മറ്റ് ബന്ധങ്ങളിൽ ഏർപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹത്തിന്റെ പവിത്രതയ്ക്കും മൂല്യങ്ങൾക്കും വേണ്ടി പ്രതിജ്ഞാബദ്ധരായ പങ്കാളികളെ നിയമപരമായി സംരക്ഷിക്കേണ്ടത് നിർണായകമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ഒരു വിവാഹം നിലനിൽക്കെ മറ്റൊരു ബന്ധത്തിൽ ഏർപ്പെട്ട വ്യക്തിക്കെതിരെ മുൻ ഭാര്യ നൽകിയ പരാതിയിലാണ് ഡൽഹി ഹൈ കോടതി നിരീക്ഷണം നടത്തിയിരിക്കുന്നത്
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 494 പ്രകാരം ഭർത്താവിനെതിരെ ഫയൽ ചെയ്ത കേസിൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച സമൻസ് റദ്ദാക്കിയ സെഷൻസ് കോടതിയുടെ 2019 ഉത്തരവിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.2015-ൽ പ്രാദേശിക പുരോഹിതരുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും പ്രസ്തുത വിവാഹത്തിൽ ഒരു മകൾ ജനിച്ചെന്നും അവർ ആരോപിച്ചു.
വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധവും അവകാശ ലംഘനവുമാണെന്ന് പറഞ്ഞു കൊണ്ട് 2018-ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരുന്നു. സ്ത്രീകളെ സ്വത്തായും ഭർത്താക്കന്മാരേക്കാൾ താഴ്ന്നവരായും പരിഗണിക്കുന്നതിനാലായിരിന്നു ഇത്
എന്നാൽ ആദ്യ വിവാഹം ചെയ്തുകൊണ്ട് അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്നുമുള്ള നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായി ഈ വിധി ഉപയോഗിക്കാൻ സാധ്യമല്ലെന്ന് ഡൽഹി ഹൈ കോടതി ബെഞ്ച് വെള്ളിയാഴ്ച വ്യക്തമാക്കി
“സമകാലിക സമൂഹത്തിലെ ബന്ധങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങളെ പരിഗണിക്കുമ്പോൾ , ഗണ്യമായ എണ്ണം വ്യക്തികൾ വിവാഹ എന്ന സമ്പ്രദായത്തിന് മുൻഗണന നൽകുകയോ ഉയർന്ന പരിഗണന നൽകുകയോ ചെയ്യുന്നില്ല എന്നത് വസ്തുത നിഷേധിക്കാനാവില്ല. നമ്മുടെ രാജ്യത്ത് നിയമപരമായി അനുവദനീയമായ ലിവ്-ഇൻ ബന്ധങ്ങൾക്കുള്ള മുൻഗണന, മാറിക്കൊണ്ടിരിക്കുന്ന ഈ സാമൂഹിക മാനദണ്ഡങ്ങളുടെ പ്രതിഫലനമാണ്,” കോടതി പറഞ്ഞു.
Discussion about this post