കാഠ്മണ്ഡു : കമ്മ്യൂണിസ്റ്റ് ഭരണം വീണശേഷം നേപ്പാളിൽ അധികാരമേറ്റ ഇടക്കാല സർക്കാരിൽ പ്രതീക്ഷ ഉണ്ടെന്ന് വ്യക്തമാക്കി ‘ജെൻ സീ’ പ്രസ്ഥാനം. അഴിമതിരഹിതമായ നേപ്പാൾ ആണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. നേപ്പാളിലെ യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഉണ്ടാകണം. ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം, എന്നുമാണ് നേപ്പാളിന്റെ ഇടക്കാല സർക്കാരിന് മുൻപിൽ ജെൻ സീ പ്രസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങൾ.
ഇന്ത്യയിൽ നിന്നുള്ള നിക്ഷേപങ്ങൾ നേപ്പാളിന്റെ ഭാവിയിൽ നിർണായകമാകും എന്നാണ് ജെൻ സീ പ്രസ്ഥാനം സൂചിപ്പിക്കുന്നത്. ഇന്ത്യയും മറ്റു വിദേശരാജ്യങ്ങളും നേപ്പാളിൽ നിക്ഷേപങ്ങൾ നടത്തണമെന്നും ജെൻ സീ പ്രസ്ഥാനം അഭ്യർത്ഥിച്ചു. നേപ്പാളിന്റെ സാമ്പത്തിക വികസനത്തിനായി അന്താരാഷ്ട്ര സഹകരണം ഏറെ ആവശ്യമാണെന്നും യുവതലമുറ വ്യക്തമാക്കുന്നു.
അഴിമതി രഹിതമായ ഒരു പുതിയ സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കാൻ ആണ് നേപ്പാളിലെ പുതുതലമുറ ആഗ്രഹിക്കുന്നത് ജെൻ സീ പ്രസ്ഥാനത്തിന്റെ കോർ കമ്മിറ്റി അംഗങ്ങൾ മാധ്യമങ്ങളോട് അറിയിച്ചു. ” കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അഴിമതിക്കെതിരെയായിരുന്നു ഞങ്ങളുടെ പോരാട്ടം. സാധാരണക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ നേപ്പാളിലെ മുൻസർക്കാർ ദയനീയമായി പരാജയപ്പെട്ടു. സ്വന്തം രാജ്യത്ത് പഠനത്തിനും തൊഴിലിനുമായി അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് നേപ്പാളികൾ മറ്റു രാജ്യങ്ങളിലേക്ക് കൂടിയേറേണ്ടി വരുന്നത്. ഒരു പുതിയ സർക്കാരിനൊപ്പം ഞങ്ങൾ രാഷ്ട്രത്തെ പുനർനിർമ്മിക്കുകയാണ്” എന്നും ജെൻ സീ പ്രസ്ഥാനം വ്യക്തമാക്കി.
Discussion about this post