ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി സുപ്രീംകോടതി. വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ സ്റ്റേ പുറപ്പെടുവിക്കാൻ കഴിയൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.
എന്നിരുന്നാലും, വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി സമ്മതിച്ചു. അഞ്ച് വർഷമെങ്കിലും ഇസ്ലാം ആചരിക്കുന്ന ഒരാൾക്ക് മാത്രമേ വഖ്ഫ് സൃഷ്ടിക്കാൻ കഴിയൂ എന്ന് സെക്ഷൻ 3(1)(R) വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥ കോടതി സ്റ്റേ ചെയ്തു. ഒരു വ്യക്തി ഇസ്ലാം ആചരിക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ നിയമങ്ങൾ നിർമ്മിക്കുന്നതുവരെ ഈ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി പറഞ്ഞു.
വഖഫ് സ്വത്ത് അന്വേഷണ വ്യവസ്ഥകളിൽ ചിലതും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം റവന്യൂ രേഖകളിലും ബോർഡ് രേഖകളിലും മാറ്റങ്ങൾ വരുത്തില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുള്ളത്. വഖഫ് ട്രൈബ്യൂണൽ സെക്ഷൻ 83 പ്രകാരം ഉടമസ്ഥാവകാശ തർക്കത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുവരെ വഖഫിനെ അവരുടെ സ്വത്തുക്കളിൽ നിന്ന് ഒഴിപ്പിക്കുകയില്ല എന്നും കോടതി വ്യക്തമാക്കി. സെൻട്രൽ വഖഫ് കൗൺസിലിലെ 22 അംഗങ്ങളിൽ പരമാവധി നാല് അമുസ്ലിം അംഗങ്ങൾ വരെയാകാമെന്നും 11 അംഗ സംസ്ഥാന വഖഫ് ബോർഡുകളിൽ പരമാവധി മൂന്ന് അമുസ്ലിം അംഗങ്ങൾ വരെയാകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post